അഭിനയം നിർത്തുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല:കമൽഹാസൻ

PTI11_7_2017_000136A
SHARE

മുഴുവന്‍ സമയ രാഷ്ട്രീയക്കാരനിലേക്കുള്ള വേഷപ്പകര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലൂടെയാണ് നടന്‍ കമല്‍ഹാസന്‍ കടന്നുപോകുന്നത്. രാഷ്ട്രീയത്തിലിറങ്ങിയാല്‍ സിനിമ ഉപേക്ഷിക്കുമെന്ന് തുറന്നുപറഞ്ഞത് കഴിഞ്ഞ ജന്മദിനത്തിനായിരുന്നു. രണ്ടും ഒന്നിച്ചു മുന്നോട്ട് പോകാനാവില്ലെന്നായിരുന്നു നിലപാട്. 

സിനിമകള്‍ പൂര്‍ത്തീകരിക്കുകയും ബിസിനസില്‍ നിന്ന് മാറി നില്‍ക്കുകയും ചെയ്ത് മുഴുവന്‍ സമയ രാഷ്ട്രീയക്കാരനാകാനായിരുന്നു പദ്ധതി. എന്നാല്‍ സിനിമകള്‍ പൂര്‍ത്തീകരിക്കാന്‍ ഇനിയും സമയമെടുക്കും എന്നാണ് ഉലകനായകന്‍ പറയുന്നത്. അതുകൊണ്ട് തന്നെ അഭിനയം നിര്‍ത്തുന്ന കാര്യത്തില്‍ തീരുമാനമെടുക്കാനായിട്ടില്ല. മൂന്ന് സിനിമകളാണ് മുന്നിലുള്ളത്. അത് പൂര്‍ത്തിയാക്കിയ ശേഷം മറ്റ് തീരുമാനങ്ങള്‍ കൈക്കൊള്ളാനാണ് നിലവില്‍ ആലോചിച്ചിരിക്കുന്നത്.  

ഇരുപത്തിയൊന്നിന് മധുരയില്‍ രാഷ്ട്രീയ നിലപാടുകള്‍ വ്യക്തമാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍റെ പ്രതിനിധികള്‍ നാളെ ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെ കണ്ട് പാര്‍ട്ടിയുടെ പേര് രജിസ്റ്റര്‍ ചെയ്യുമെന്നും വീട്ടില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള സൗഹൃദസംഭാഷണത്തില്‍ കമല്‍ഹാസന്‍ വ്യക്തമാക്കി. വിശ്വരൂപം രണ്ടാം ഭാഗം, സബാഷ് നായിഡു, ഇന്ത്യന്‍റെ രണ്ടാം ഭാഗം എന്നീ ചിത്രങ്ങളാണ് കമലിന്‍റെതായി വരാനിരിക്കുന്നത്. 

തമിഴ് രാഷ്ട്രീയം പശ്ചാത്തലമാക്കി മറ്റൊരു സിനിമകൂടി   മനസിലുണ്ടെന്നാണ് അടുത്ത വൃത്തങ്ങള്‍  നല്‍കുന്ന വിവരം. എം.ജി.ആര്‍ രാഷ്ട്രീയത്തിലിറങ്ങിയ ശേഷം സിനിമകളില്‍ അഭിനയിച്ചിരുന്നില്ല. അണ്ണാ ഡി.എം.കെയുടെ പ്രചാരണ വിഭാഗം സെക്രട്ടറിയാകുന്നതിന് രണ്ട് വര്‍ഷം മുമ്പ്, 1980ല്‍ തന്നെ ജയലളിത സിനിമ ഉപേക്ഷിച്ചിരുന്നു. പക്ഷേ കരുണാനിധി രാഷ്ട്രീയത്തില്‍ വന്നതിന് ശേഷവും മുഖ്യമന്ത്രിയായിരുന്നപ്പോഴും സിനിമയ്ക്കായ് തിരക്കഥ രചിച്ചിരുന്നു.  എന്തായാലും സിനിമയില്‍ നിന്നുകൊണ്ട് കമല്‍ഹാസനും രജനീകാന്തിനും സജീവ രാഷ്ട്രീയം പ്രയോഗികമാണോ എന്ന ചോദ്യമാണ് നിരീക്ഷകര്‍ ഉയര്‍ത്തുന്നത്.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.