വടിവാളുകൊണ്ട് കേക്കുമുറിച്ച ‘തലവെട്ടി ബിനു’ ഒടുവില്‍ കീഴടങ്ങി

thalaveti-binu
SHARE

തമിഴ്നാട്ടില്‍  കാഞ്ചീപുരം മലയമ്പാക്കത്ത് നടന്ന പിറന്നാളാഘോഷത്തിനിടെ പൊലീസ് ഓപ്പറേഷനിൽ നിന്നും രക്ഷപെട്ട മലയാളിയായ ഗുണ്ട, തലവെട്ടി ബിനു കീഴടങ്ങി. ചെന്നൈ അമ്പത്തൂർ പൊലീസ് സ്റ്റേഷനിൽ എത്തിയാണ് കീഴടങ്ങിയത്. ഫെബ്രുവരി ആറിന് നടന്ന ബിനുവിന്റെ ജന്മദിനാഘോഷത്തിനിടെ എഴുപത്തിയഞ്ച് ഗുണ്ടകളെ പൊലീസ് പിടികൂടിയിരുന്നു. ബിനു,വിഘ്നേഷ്, കനകരാജ് എന്നീ പ്രധാന ഗുണ്ടകൾ ഓടി രക്ഷപ്പെട്ടു. നാല് കൊലക്കേസുകളിൽ പ്രതിയായ ബിനുവിനെ കണ്ടാൽ വെടിവയ്ക്കാനായിരുന്നു ഉത്തരവ്. രക്ഷപെട്ട മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്.

തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് മലയാളിയായ ഗുണ്ടാനേതാവിന്‍റെ ജന്മദിനാഘോഷത്തിനിടെ വന്‍ ഗുണ്ടാ സംഘത്തെ പൊലീസ് പിടികൂടി. കൊലക്കേസുകളില്‍ പ്രതികളായിട്ടുള്ള പിടികിട്ടാപ്പുള്ളികളടക്കം എഴുപത്തിയഞ്ചു പേരെയാണ് അമ്പത്തൂര്‍ പൊലീസ് നായകീയമായി അഴിക്കുള്ളിലാക്കിയത്. ഇവരില്‍ നിന്നും മാരകായുധങ്ങളും വാഹനങ്ങളും പിടിച്ചെടുത്തു.    

ഗുണ്ടാസംഘത്തെ പൊലീസ് ബുദ്ധിപൂര്‍വം കീഴ്പ്പെടുത്തുന്ന രംഗങ്ങള്‍ പല  സിനിമകളിലും ഉണ്ട്. അത്തരത്തില്‍ സിനിമയെ വെല്ലുന്ന രീതിയിലാണ് വന്‍ ഗുണ്ടാസംഘത്തെ കാഞ്ചീപുരം ജില്ലയിലെ  മലയമ്പാക്കത്ത് വച്ച് പൊലീസ് കീഴ്പ്പെടുത്തിയത്. ആളൊഴിഞ്ഞ പ്രദേശത്ത് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കിയ പന്തലിലായിരുന്നു മലയാളിയും നാല്  കൊലക്കേസുകളിലായി പൊലീസ് തിരയുന്ന പിടികിട്ടാപ്പുള്ളിയുമായ ബിനുവിന്‍റെ ജന്മദിന ആഘോഷം. നൂറിലധികം പേര്‍  പങ്കെടുത്തിരുന്നു. വടിവാളുപയോഗിച്ചായിരുന്നു കേക്ക് മുറി. തുടര്‍ന്നുള്ള ആഘോഷങ്ങള്‍ക്കിടെയാണ് അമ്പത്തൂര്‍ പൊലീസ് സ്ഥലം വളയുന്നത്. ചൊവ്വാഴ്ച  വൈകുന്നേരം വാഹനപരിശോധയ്ക്കിടെ മദന്‍ എന്ന ഗുണ്ട പിടിയിലായതോടെയാണ് ആഘോഷത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. ആഘോഷത്തില്‍ പങ്കെടുക്കാൻ പോവുകയായിരുന്നു  ഇയാള്‍  ഗ്രാമവാസികളുടെ സഹായത്തോടെ രണ്ട് അസിസ്റ്റന്‍റ് കമ്മിഷ്ണര്‍മാരുടെ നേതൃത്വത്തില്‍ നൂറോളം പൊലീസുകാര്‍ തോക്കുമായി സ്ഥലം വളഞ്ഞു. അര്‍ധരാത്രി നടന്ന പൊലീസിന്‍റെ അപ്രതീക്ഷിത നീക്കത്തില്‍ അമ്പരന്ന ഗുണ്ടാസംഘത്തില്‍ ചിലര്‍ ചിതറിയോടി.  നേതൃത്വം കൊടുത്ത ബിനു അടക്കമുള്ള മൂന്ന് പ്രധാന ഗുണ്ടകളടക്കം  രക്ഷപെട്ടു. എഴുപത്തിയഞ്ചുപേരെ അറസ്റ്റ് ചെയതു. പലരും ക്രിമിനല്‍ കേസുകളില്‍ പ്രതികളാണ്.

മൂപ്പത് വടിവാളുകള്‍, നാല്‍പ്പത്തിയഞ്ച് ഇരുചക്രവാഹനങ്ങള്‍, അറുപത് മൊബൈല്‍ ഫോണുകള്‍, എട്ട് കാറുകള്‍ തുടങ്ങിയവ ഇവരില്‍ നിന്നും പൊലീസ് പിടിച്ചെടുത്തിരുന്നു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.