ഇത് ഭീരുത്വം; ശുഹൈബിൻറെ കൊലയിൽ നടുക്കം രേഖപ്പെടുത്തി രാഹുലും

rahul-shuhaib
SHARE

കണ്ണൂരിൽ കൊല്ലപ്പെട്ട ഷുഹൈബിൻറെ മരണത്തിൽ ഞെട്ടൽ രേഖപ്പെടുത്തി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. ഭീരുക്കളായ ഈ അക്രമികളെ വൈകാതെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം ഫെയ്‌‌സ്ബുക്കിൽ കുറിച്ചു.

കുടുംബത്തിന്‍രെ ദുഃഖത്തിൽ പങ്കുചേരുന്നതായും രാഹുൽ പറഞ്ഞു.

സിപിഎം പ്രതിരോധത്തിൽ

ഇതിനിടെ കണ്ണൂര്‍ മട്ടന്നൂരില്‍ വെട്ടേറ്റുമരിച്ച യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെ ആപായപ്പെടുത്തുമെന്ന് സിപിഎം പ്രവര്‍ത്തകര്‍ പരസ്യമായി വധഭീഷണി മുഴക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്ത്. എടയന്നൂരില്‍ സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനത്തിനിടയിലാണ് പ്രകോപനപരമായി മുദ്രാവാക്യങ്ങള്‍ അണികള്‍ മുഴക്കിയത്.  അതേസമയം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശുഹൈബിന്റെ മൃതദേഹം വിലാപയാത്രയായി എടയന്നൂരിലെത്തിച്ച് കബറടക്കും. 

സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന വിഡിയോ ദൃശ്യങ്ങളാണ് പുറത്തുവന്നത്. നാളുകള്‍ എണ്ണപ്പെട്ടെന്നാണ് പരസ്യമായി മുദ്രാവാക്യം മുഴക്കിയത്. 

പരിയാരത്ത് ഫൊറന്‍സിക് സര്‍ജന്‍ ഇല്ലാതിരുന്നതിനാല്‍ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ചാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്. വെട്ടുകൊണ്ട 37 മുറിവുകളാണ് ശുഹൈബിന്റെ ശരീരത്തിലുള്ളത്. എടയന്നൂര്‍ തെരൂരില്‍ തട്ടുകടയില്‍നിന്ന് ചായകുടിച്ചുനില്ക്കുമ്പോഴാണ് കാറിലെത്തിയ അക്രമിസംഘം യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി കൂടിയായ ശുഹൈബിനെ വെട്ടിവീഴ്ത്തിയത്. ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷമായിരുന്നു ആക്രമണം. കോഴിക്കോടുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴി തലശേരിയില്‍വെച്ചാണ് മരിച്ചത്. സംഭവസ്ഥലത്ത് ഒപ്പമുണ്ടായിരുന്ന മറ്റുരണ്ടുപേര്‍ക്ക് കൂടി  പരുക്കേറ്റിരുന്നു. പ്രദേശത്തെ കെഎസ്്യു എസ്എഫ്ഐ സംഘര്‍ഷമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രഥമിക നിഗമനം. കൊലപാതകത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് കണ്ണൂര്‍ ജില്ലയില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. 

പ്രതിഷേധം വ്യാപകം

മട്ടന്നൂര്‍ കൊലപാതകത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ജില്ലാസെക്രട്ടറി പി.ജയരാജന്‍. പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരെങ്കിലും അക്രമത്തില്‍ പങ്കാളികളായിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും ജയരാജന്‍ പ്രഖ്യാപിച്ചു. എന്നാല്‍ സംസ്ഥാനത്ത് ചുവപ്പുഭീകരതയാണ് അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പ്രതിഷേധ സൂചകമായി ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി നാളെ രാവിലെ പത്തുമുതല്‍ 24 മണിക്കൂര്‍ ഉപവാസസമരം നടത്തും.

കണ്ണൂരില്‍ സിപിഎം ആര്‍എസ്എസ് ഏറ്റുമുട്ടലുകള്‍ തുടര്‍ക്കഥയാണെങ്കിലും വര്‍ഷങ്ങള്‍ക്കുശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെടുന്നത്. ആരോപണത്തിന്റെ കുന്തമുന തിരിഞ്ഞത് സിപിഎമ്മിനുനേര്‍ക്കാണ്. പാര്‍ട്ടി ഇത് നിഷേധിച്ചു.

എന്നാല്‍ ഈ നിലപാട് മുഖവിലയ്ക്കെടുക്കാന്‍ കോണ്‍ഗ്രസ് തയാറായില്ല. ശുഹൈബിന്റെ കൊലപാതകത്തില്‍ സംസ്ഥാനവ്യാപകപ്രതിഷേധം ഉയര്‍ത്താനാണ് കോണ്‍ഗ്രസ് തീരുമാനം. ഇതിന്റെ ഭാഗമായി സതീശന്‍ പാച്ചേനി 24 മണിക്കൂര്‍ ഉപവസിക്കും. യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധപ്രകടനങ്ങള്‍ നടത്തും.

എ.കെ.ആന്റണി, വി.എം.സുധീരന്‍, എംഎം ഹസന്‍ എന്നിവരും കൊലപാതകത്തെ ശക്തമായി അപലപിച്ചു. മുഖ്യമന്ത്രി ആഭ്യന്തരവകുപ്പ് ഒഴിയണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.