നടപടി തുടരും, ജേക്കബ് തോമസിനെതിരെ സർക്കാർ മുന്നോട്ട് തന്നെ

jacob-thomas-pinarayi
SHARE

ജേക്കബ് തോമസിനെതിരായ അച്ചടക്ക നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ട്. ഓഖി ദുരന്തവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് ജേക്കബ് തോമസ് നല്കിയ വിശദീകരണം തള്ളി ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്കി. പുതിയ വിജിലന്‍സ് േമധാവിയെ സര്‍ക്കാര്‍ രണ്ടുദിവസത്തിനകം നിയമിക്കുമെന്നും സൂചനയുണ്ട്. 

 ഓഖി ദുരന്തം കൈകാര്യം ചെയ്തതില്‍ സര്‍ക്കാരിനുണ്ടായ വീഴ്ചകളെ വിമര്‍ശിച്ചതിനെ തുടര്‍ന്ന് തുടര്‍ന്ന് ജേക്കബ് തോമസ് സസ്പെന്‍ഷനിലാണ്. തുടര്‍ നടപടികളുടെ ഭാഗമായി ചീഫ് സെക്രട്ടറി നല്‍കിയ ചാര്‍ജ് മെമ്മോയ്ക്കുള്ള ജേക്കബ് തോമസിന്റെ മറുപടിയാണ് ഇപ്പോള്‍ തള്ളിയിരിക്കുന്നത്. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നു എന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും ഓഖിയുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞത് വസ്തുതകളാണെന്നുമായിരുന്നു ജേക്കബ് തോമസിന്റെ മറുപടി. അഴിമതിക്കെതിരെ പ്രവര്‍ത്തിക്കേണ്ടത് തന്റെ കടമയാണെന്നും പൊലീസിന്റെ അന്തസ് അങ്ങോട്ടുമിങ്ങോട്ടും വളയുന്ന നട്ടെല്ലല്ലെന്നും മറുപടിയില്‍ പറയുന്നു. ഈ  മറുപടി തൃപ്തികരമല്ലെന്നാണ് ചീഫ് സെക്രട്ടറി പോള്‍ ആന്റണിയുടെ കണ്ടെത്തല്‍. ജേക്കബ് തോമസിനെതിരെ തുടര്‍നടപടിക്ക് ശുപാര്‍ശ ചെയ്ത് ചീഫ് സെക്രട്ടറി ഫയല്‍ മുഖ്യമന്ത്രിക്ക് കൈമാറി.

കേന്ദ്രസര്‍വീസിലെ ഉദ്യോഗസ്ഥനായതിനാല്‍ ജേക്കബ് തോമസിനെ നാലുമാസത്തില്‍ കൂടുതല്‍ മാറ്റിനിര്‍ത്തണമെങ്കില്‍ കേന്ദ്ര പഴ്സണല്‍ മന്ത്രാലയത്തിന് കൃത്യമായി കാരണംകാണിക്കണം.  മുതിര്‍ന്ന ഐ.എ.എസ് ഉദ്യോഗസ്ഥന്‍ അധ്യക്ഷനായുള്ള കമ്മീഷനെ വച്ച് വിശദമായ അന്വേഷണവും നടത്തണം. അതിനാല്‍ സസ്പെന്‍ഷന്‍ നീട്ടണമെന്ന ആവശ്യമാകും സര്‍ക്കാര്‍ ഉന്നയിക്കുക. ഇക്കാര്യത്തില്‍ അന്തിമതീരുമാനം മുഖ്യമന്ത്രിയുടേതാണ്. ഇതേസമയം പുതിയ വിജിലന്‍സ് മേധാവിയെ നിയമിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനും വേഗമേറി. ജേക്കബ് തോമസിനെ നീക്കിയശേഷം ഡി.ജി.പി ലോക്നാഥ് ബെഹ്റ തന്നെയാണ് വിജിലന്‍സിന്റെയും തലപ്പത്ത്. ഡി.ജി.പി റാങ്കിലുള്ള എട്ടുപേരെയും എഡിജിപി റാങ്കിലുള്ളവരെയും വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. വ്യാഴാഴ്ചയ്ക്കകം വിജിലന്‍സ് മേധാവിയുടെ കാര്യത്തില്‍ തീരുമാനമാകുമെന്നാണ് എ.ജി ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.