വിജിലന്‍സ് തലപ്പത്ത് ഇനി അസ്താന; നിയമനം വിവാദങ്ങള്‍ക്ക് പിന്നാലെ

asthana-1
SHARE

വിവാദങ്ങൾക്കും നിയമപ്രശ്നങ്ങൾക്കുമിടെ വിജിലൻസ് ഡയറക്ടർ ചുമതലയിൽ നിന്നു ലോക്നാഥ് ബഹ്റയെ മാറ്റി.  ഡിജിപി നിർമൽ ചന്ദ്ര അസ്താനയെ സർക്കാർ വിജിലൻസ് ഡയറക്ടറായി നിയമിച്ചു. വ്യാഴാഴ്ചയ്ക്കകം നിയമനം നടത്തുമെന്ന് ഹൈക്കോടതിയെ അറിയിച്ചതിനുപിന്നാലെയാണ് മുഖ്യമന്ത്രി നിയമന ഉത്തരവിൽ ഒപ്പിട്ടത്. നിയമനകാര്യം തന്നെ അറിയിച്ചിരുന്നുവെന്ന് അസ്താന മനോരമന്യൂസിനോട് പറഞ്ഞു.  

സ്ഥിരം വിജിലൻസ് ഡയറക്ടറില്ലാത്തതിനു കോടതിയിൽ നിന്നുള്ള നിരന്തര വിമർശനം ,  തെളിവില്ലെന്ന റിപ്പോർട്ട് സമർപ്പിച്ച് വിവിധ കേസുകളിൽ നിന്നു പ്രതികളെ രക്ഷിക്കുന്നെന്ന ആക്ഷേപം മറുവശത്ത്,  ബെഹ്റയടെ ഇരട്ടപ്പദവിയിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ കണ്ണുരട്ടൽ, ഒടുവിൽ വ്യഴാഴ്ചക്കകം ഡയറക്ടറെ  നിയമിക്കാമെന്നുള്ള ഹൈക്കോടതിയിൽ നൽകിയ ഉറപ്പ്  ഇതെല്ലാമാണ് പുതിയ ഡയറക്ടറെ നിയമിക്കുന്നതിലേക്ക് സർക്കരിനെ നിർബന്ധിതരാക്കിയത്. 86 ബാച്ചുകാരനായ അസ്താനയുടെ പേര് ജേക്കബ് തോമസ് നിർബന്ധിത അവധിയിലേക്ക് പോയതു മുതൽ ഡയറക്ടർ സ്ഥാനത്തേക്ക്  സജീവമായി കേട്ടിരുന്നു. 

ഡൽഹിയിൽ ഓഫിസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയിലുള്ള അദ്ദേഹം ആദ്യം അവിടെ നിന്നു മടങ്ങുന്നതിനുള്ള അസൗകര്യം സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ നിലവിൽ ഡിജിപിമാരായ ജേക്കബ് തോമസ്, ഋഷിരാജ് സിങ് എന്നിവരെ നിയമി്കുന്നതിനു സർക്കാരിനു താൽപര്യമില്ലാത്തതും അസ്താനയിലേക്കെത്താൻ കാരണമായി . എഡിജിപി മാരെ ഡയറക്ടർ സ്ഥാനത്തു നിയമിക്കുന്നതിനു കേന്ദ്രത്തിനെ സമീപിച്ചെങ്കിലും പരക്കെ പ്രതിഷേധ മുയർന്നതോടെ പിൻവാങ്ങുകയായിരുന്നു. നിലവിൽ ഡി.ജി.പി യായ എൻ.സി അസ്താനയ്്ക്ക് 2019 നവംബർ 30 വരെ സർവീസ് കാലാവധിയുണ്ട്. 

പതിനൊന്നുമാസമായി ബഹ്റ  വിജിലൻസിന്റെ അധിക ചുമതലയിൽ തുടരുകയായിരുന്നു.കേരള ഹൗസില്‍ ഓഫിസര്‍ ഓണ്‍ സ്പെഷല്‍ ഡ്യൂട്ടി ചുമതലയുള്ള അസ്താന 1986 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ്.  പത്തൊമ്പതാം വയസില്‍ ബിരുദാനന്തരബിരുദം നേടിയ, ആണവശാസ്ത്രത്തില്‍ ഡോക്ടറേറ്റുള്ള അസ്താന ആഭ്യന്തരസുരക്ഷാവിഭാഗം ഐജി ആയിരിക്കെ കേരളത്തില്‍ ആദ്യമായി തീവ്രവാദവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.   ലീഡര്‍ഷിപ് ഫെയിലിയര്‍ ഇന്‍ പൊലീസ്, അള്‍ടിമേറ്റ് ഹാന്‍ഡ്ബുക് ഓഫ് അര്‍ബന്‍ വാര്‍ഫേര്‍, നെക്സ്റ്റ് വാര്‍ ഇന്ത്യ – പാക്കിസ്ഥാന്‍–ചൈന, മിത് ബസ്റ്റര്‍ എന്നിവയടക്കം 15  പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട്.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.