'ഞങ്ങള്‍ ആത്മാവ് പണയംവച്ചവരെന്ന് നാളെ രാജ്യം പറയരുത്' ചരിത്ര വാര്‍ത്താസമ്മേളനം, പൂര്‍ണരൂപം

chelameswr
SHARE

രാജ്യത്തെ ഞെട്ടിച്ചുകൊണ്ട് നാലു സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മാധ്യമങ്ങളോട് സംസാരിച്ചത് ജസ്റ്റീസ് ചെലമേശ്വര്‍ ആയിരുന്നു.  വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞതിന്‍റെ പൂര്‍ണ്ണരൂപം: 

അറിയിച്ചയുടന്‍ എത്രയും വേഗം ഇവിടെയെത്തിയ നിങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ഞങ്ങളുടെ നന്ദി. നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തില്‍ ഇതൊരു അസാധാരണ സന്ദര്‍ഭമാണ്.  ഭരണഘടനയുടേയും കോടതിയുടേയും ചരിത്രത്തിലും ഇതൊരു അപൂര്‍വസംഭവമാണ്. അഗാധമായ വേദനയോടെയാണ് ഞങ്ങള്‍ ഈ പത്രസമ്മേളനം വിളിച്ചിരിക്കുന്നത്. പക്ഷേ, വേറെ വഴിയില്ല. 

സുപ്രീംകോടതിയുടെ ഭരണസംവിധാനം ഇപ്പോള്‍ ശരിയായല്ല പ്രവര്‍ത്തിക്കുന്നത്. പല കാര്യങ്ങളും ക്രമപ്രകാരമല്ല നടക്കുന്നത്. കഴിഞ്ഞ ചില മാസങ്ങളില്‍ ആശാസ്യമല്ലാത്ത പലതും സംഭവിച്ചു. ഇക്കാര്യം ചീഫ് ജസ്റ്റീസിനെ നേരിട്ട് അറിയിക്കാന്‍ ഞങ്ങള്‍ നാലുപേരും കൂട്ടായി ശ്രമിച്ചു. ഞങ്ങള്‍ നാലു പേരും ഒപ്പിട്ട വിശദമായ കത്ത് ചീഫ് ജസ്റ്റീസിനു െെകമാറിയിരുന്നു. പക്ഷേ, പരിഹാരനടപടികള്‍ ഒന്നുമുണ്ടായില്ല. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് രാജ്യത്തോടു നേരിട്ടു സംസാരിക്കുകയല്ലാതെ മറ്റു വഴികളില്ല. 

ചില പ്രത്യേക കാര്യങ്ങള്‍ ഞങ്ങള്‍ ചീഫ്ജസ്റ്റീസിനോട് ഉന്നയിച്ചിരുന്നു. പക്ഷേ, ഈ മഹത്തായ സ്ഥാപനത്തിന്‍്റെ അന്തസിനെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങള്‍ ഉയരുന്നതരത്തിലാണ് അതിന്‍റെ തുടര്‍നടപടികള്‍ ഉണ്ടായത്. ജനാധിപത്യമാണ് ഇതിന്‍റെയൊക്കെ വിലകൊടുക്കേണ്ടിവരികയെന്നും ഈ മഹത്തായസ്ഥാപനത്തിന്‍റെ അന്തസ് സംരക്ഷിക്കണമെന്നും ഞങ്ങള്‍ ചീഫ്ജസ്റ്റിസിനോട് പറഞ്ഞിട്ടും പരിഹാരമുണ്ടായില്ല. 

ജനാധിപത്യത്തിന്‍റെ നിലനില്പിന് സ്വതന്ത്ര ജുഡീഷ്യറി അനിവാര്യമാണെന്ന് ഒാര്‍ക്കണം. ഇന്നു രാവിലെയുംകൂടി ഞങ്ങള്‍ ചീഫ്ജസ്റ്റീസിനെ നേരില്‍ കണ്ട് ചില കാര്യങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുന്നതിലും പരിഹാരമുണ്ടാക്കുന്നതിലും ഞങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇപ്പോള്‍ ഇത് (പത്രസമ്മേളനം) ചെയ്യേണ്ടിവന്നത്. 

നീതിമാന്മാരായ ഒട്ടേറെപ്പേര്‍ ഈ രാജ്യത്ത് ഉണ്ടെന്ന് ഞങ്ങള്‍ക്ക് അറിയാം. ആ നീതിമാന്മാര്‍ ഇരുപതു വര്‍ഷം കഴിയുമ്പോള്‍ ഞങ്ങള്‍ നാലു പേര്‍ ആത്മാവ് നഷ്ടപ്പെട്ടവരായിരുന്നുവെന്ന് പറയാന്‍ ഇടവരരുത്. ഞങ്ങള്‍ ആത്മാവ് പണയംവച്ചുവെന്ന് നാളെ ഈ രാജ്യം പറയരുത്. രാജ്യത്തോടുള്ള ഉത്തരവാദിത്തമാണ് ഈ പത്രസമ്മേളനത്തിലൂടെ ഞങ്ങള്‍ നിറവേറ്റുന്നത്. ഈ രാജ്യത്തോടും ഈ മഹത്തായ സ്ഥാപനത്തോടും ഞങ്ങള്‍ക്ക് ഉത്തരവാദിത്തമുണ്ട്. 

(പത്രലേഖകരുടെ ചോദ്യത്തിന് ഉത്തമായി ഇത്രകൂടി പറഞ്ഞു.) ചീഫ് ജസ്റ്റീസിനെ ഇംപീച്ച് ചെയ്യാന്‍ ഞങ്ങള്‍ ആളല്ല. രാജ്യമാണത് തീരുമാനിക്കേണ്ടത്. നിങ്ങളുടെ വാക്കുകള്‍ ഞങ്ങളുടെമേല്‍ തിരുകേണ്ടതില്ല. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.