മാസങ്ങളായി പുകഞ്ഞത് കോടതിമുറ്റത്ത് പൊട്ടിത്തെറിച്ചു; പ്രകമ്പനങ്ങള്‍ പിന്നാലെ വരും

sc
SHARE

രാജ്യത്തെ പരമോന്നത നീതിപീഠത്തിലേക്ക് കണ്ണുനട്ടിരിക്കുകയാണ് സര്‍വ്വരും. പൊടുന്നനെ പൊട്ടിവീണ പ്രതിസന്ധിയല്ല ഇതെന്ന് വ്യക്തം. മാസങ്ങളായി ഉരുണ്ടുകൂടിയ പ്രശ്നങ്ങളുടെയും ഭിന്നതകളുടെയും തുടര്‍ച്ച. രാ·ഷ്ട്രീയ പ്രകമ്പനങ്ങള്‍ കൂടി ഉണ്ടായേക്കാവുന്ന കേസിലൂടെ അത് പുറത്തുവന്നു എന്നുമാത്രം.

ജസ്‌റ്റിസ് ടി.എസ്.ഠാക്കൂർ ചീഫ് ജസ്‌റ്റിസായിരുന്നപ്പോൾ കൊളീജിയത്തിന്റെ പ്രവർത്തനരീതിയെ ജസ്‌റ്റിസ് ചെലമേശ്വർ നിശിതമായി വിമർശിച്ചിരുന്നു. ജഡ്‌ജി നിയമനത്തിനായി ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ രൂപീകരിച്ചുള്ള ഭരണഘടനാ ഭേദഗതി ചോദ്യംചെയ്‌തുള്ള കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ചിലുൾപ്പെട്ട ജസ്‌റ്റിസ് ചെലമേശ്വറും ജസ്‌റ്റിസ് കുര്യൻ ജോസഫും കൊളീജിയത്തിന്റെ പ്രവർത്തനം സുതാര്യവും നിഷ്‌പക്ഷവുമല്ലെന്നു നിലപാടെടുത്തിരുന്നു. ജഡ്‌ജി നിയമനങ്ങളെച്ചൊല്ലി ജുഡീഷ്യറിയും കേന്ദ്ര സർക്കാരും തമ്മിലുള്ള തർക്കം തുടരുന്നതിനിടെയാണ് കൊളീജിയത്തിന്റെ പ്രവർത്തനത്തെ ജസ്‌റ്റിസ് ചെലമേശ്വർ പരസ്യമായി ചോദ്യം ചെയ്തത്. ജസ്റ്റിസ് ചെലമേശ്വർ ഉൾപ്പെടെയുള്ളവർക്ക് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുമായുള്ള അഭിപ്രായ ഭിന്നത മുൻപുതന്നെ പുറത്തുവന്നിട്ടുള്ളതാണ്. 

ജുഡീഷ്യറിയിലും അഴിമതിയുണ്ടെന്ന ആരോപണത്തിലൂടെ വിവാദമായ മെഡിക്കൽ കോഴക്കേസിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കുനേരെയും പരോക്ഷ ആരോപണം ഉന്നയിക്കപ്പെട്ട സംഭവം മുതൽ ജസ്റ്റിസ് ലോയയുടെ മരണം വരെയുള്ള വിഷയങ്ങളിൽ ഈ അഭിപ്രായ ഭിന്നത പ്രകടമായിരുന്നു. ജഡ്ജിമാരെ നിയമിക്കുന്നതിൽ ഉൾപ്പെടെ, ജുഡീഷ്യറിയുടെ പ്രവർത്തനത്തിൽ പരമാവധി സുതാര്യത വേണമെന്നു പരസ്യമായി നിലപാടെടുത്തിട്ടുള്ള ന്യായാധിപനാണു കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ജസ്റ്റിസ് ജസ്തി ചെലമേശ്വർ. ജഡ്ജിമാരെ നിയമിക്കാൻ കൊളീജിയം സംവിധാനം മാത്രമാണു മികച്ചതെന്ന നിലപാടു ശരിയല്ലെന്നും കൊളീജിയത്തിന്റെ നടപടി സുതാര്യമല്ലെന്നും ദേശീയ ജുഡീഷ്യൽ നിയമന കമ്മിഷൻ കേസിൽ ജസ്റ്റിസ് ചെലമേശ്വർ വ്യക്തമാക്കിയിരുന്നു. 

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയും ജസ്റ്റിസ് ചെലമേശ്വറും 2011 ഒക്ടോബർ 10ന് ആണു സുപ്രീം കോടതി ജഡ്ജിമാരായത്. മിശ്ര അടുത്ത വർഷം ഒക്ടോബർ രണ്ടിനും ജസ്റ്റിസ് ചെലമേശ്വർ അടുത്ത ജൂൺ 22നും വിരമിക്കും. സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കുന്നതിനു 2011 സെപ്റ്റംബറിൽ, അഞ്ചുപേരെ രണ്ടു ഗഡുക്കളായാണു ശുപാർശ ചെയ്തത്. ഇതിൽ ജസ്റ്റിസ് ചെലമേശ്വർ രണ്ടാമത്തെ ഗഡുവിലാണ് ഉൾപ്പെട്ടത്. ആദ്യത്തേതിൽ ഉൾപ്പെടുത്തിയാൽ അദ്ദേഹം ചീഫ് ജസ്റ്റിസാകുമെന്നും അത് ഒഴിവാക്കാനാണു ശുപാർശ രണ്ടു ഗഡുക്കളാക്കിയതെന്നും ആരോപണമുയർന്നിരുന്നു. 

ജസ്റ്റിസ് ലോയയുടെ മരണവുമായി ബന്ധപ്പെട്ട കേസിലാണ് പൊട്ടിത്തെറി എന്നത് സംഭവത്തിന്റെ രാഷ്ട്രീയ പ്രാധാന്യമേറ്റുന്നു. ഗുജറാത്തിലെ സൊഹ്റാബുദീൻ ഷെയ്ക് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട ജഡ്ജി ബി.എച്ച്. ലോയയുടെ ദുരൂഹ മരണം ഏറെ രാഷട്രീയ വിവാദം ഉയര്‍ത്തിയിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, രാജസ്ഥാൻ ആഭ്യന്തരമന്ത്രി ഗുലാബ്ചന്ദ് കടാരിയ തുടങ്ങിയവർ പ്രതികളായിരുന്ന കേസാണിതെന്നതും ശ്രദ്ധേയം.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.