വീരേന്ദ്രകുമാറിന്‍റേത് രാഷട്രീയവഞ്ചന; ഫോണ്‍ ചെയ്തുപോലും പറഞ്ഞില്ല; ചെന്നിത്തല

SHARE
ramesh-chennithala-2

വീരേന്ദ്രകുമാര്‍ കാട്ടിയത് രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഫോണ്‍ ചെയ്ത് പറയാനുള്ള സാമാന്യ മര്യാദ പോലും കാട്ടിയില്ല. വിവരം അറിഞ്ഞത് ടെലിവിഷനിലൂടെയാണെന്നും യുഡിഎഫ് വിട്ടതിന്റെ കാരണം വീരേന്ദ്രകുമാര്‍ പറയുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

യുഡിഎഫില്‍ നിന്നപ്പോഴുണ്ടായ നഷ്ടം എന്താണെന്ന് പറയണം. എല്ലാ സീറ്റിലും തോറ്റത് എന്തുകൊണ്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. യുഡിഎഫില്‍ ഇരുന്ന് എല്‍ഡിഎഫുമായി ബാന്ധവമുണ്ടാക്കി. രാഷ്ട്രീയ അധാര്‍മികതയാണ് ഇതെന്നും ചെന്നിത്തല ആരോപിച്ചു. 

പഴയതെല്ലാം മറന്ന് വീണ്ടും ഇടതുപാളയത്തില്‍

ഏഴുവര്‍ഷം നീണ്ട മുന്നണി ബന്ധങ്ങള്‍ അവസാനിപ്പിച്ച് ജെഡിയു യുഡിഎഫ് വിട്ടു. എല്‍ഡിഎഫിലേക്ക് മാറുകയാണെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം.പി.വീരേന്ദ്രകുമാര്‍ പറഞ്ഞു. യുഡിഎഫില്‍ നിന്ന് കിട്ടിയത് നഷ്ടങ്ങള്‍ മാത്രമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സി.പി.എം പച്ചക്കൊടി കാട്ടിയതോടെ ഇടത് മുന്നണി പ്രവേശനം സുഗമമായത്.  ഓരോ ലോക്സഭ, രാജ്യസഭ സീറ്റിന് പുറമെ ഏഴ് നിയമസഭ സീറ്റും ലഭിക്കുമെന്നാണ് പാര്‍ട്ടിയുടെ പ്രതീക്ഷ.

ഇന്നലെ ചേര്‍ന്ന് സംസ്ഥാന ഭാരവാഹിയോഗവും സംസ്ഥാന നിര്‍വാഹകസമിതിയും യു.ഡി.എഫ് വിട്ട് എല്‍.ഡി.എഫിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു. എം.വി. ശ്രേയാംസ്കുമാര്‍ കോടിയേരി ബാലകൃഷ്ണനെയും വൈക്കം വിശ്വനെയും കണ്ട് മുന്നണി പ്രവേശനത്തിലെ താല്‍പര്യവും അറിയിച്ചു. 

ഇടത് മുന്നണി പ്രവേശനം ഉറപ്പാക്കാനുള്ള തുടര്‍ ചര്‍ച്ചകള്‍ക്ക് എം.പി. വീരേന്ദ്രകുമാറിനൊപ്പം എം.വി. ശ്രേയാംസ്കുമാറിനെയും ചുമതലപ്പെടുത്തിയിരുന്നു. ആദ്യഘട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയാവുകയും സി.പി.എമ്മിന് പിന്നാലെ സി.പി.ഐയും സ്വാഗതമോതുകയും ചെയതോടെ പ്രവേശനത്തിന് അധികം കാത്തിരിക്കേണ്ടി വരില്ലെന്നാണ് ജെ.ഡി.യു വിലയിരുത്തുന്നത്. എല്‍.ഡി.എഫിലേക്ക് പുനപ്രവേശിക്കുമ്പോള്‍ ലഭിക്കാവുന്ന സീറ്റുകളാണ് ഇനിയുള്ള പ്രധാന ചര്‍ച്ചാവിഷയം. ഉടന്‍ ഒഴിവ് വരുന്നതില്‍ ഒരു രാജ്യസഭാ സീറ്റ് ജെ.ഡി.യുവിന് നല്‍കാമെന്ന് സി.പി.എമ്മുമായി ധാരണയായിട്ടുണ്ട്. എം.വി.ശ്രേയാംസ്കുമാറിന് അത് ലഭിക്കും. വടകട ലോക്സഭ മണ്ഡലം വേണമെന്നതാണ് ജെ.ഡി.യുവിന്റെ പ്രധാന ആവശ്യം. മുന്നണിമാറ്റത്തിന് ഇടഞ്ഞ് നിന്നിരുന്ന മനയത്ത് ചന്ദ്രനെയും കെ.പി.മോഹനനെയും അനുനയിപ്പിച്ചത് വടകര മണ്ഡലം ഉറപ്പ് നല്‍കിയാണ്. കൂടാതെ മുന്‍പ് എല്‍.ഡി.എഫിലുണ്ടായിരുന്നപ്പോള്‍ ലഭിച്ച ഏഴ് നിയമസഭാ സീറ്റുകളും ജെ.ഡി.യു അവകാശപ്പെടുന്നുണ്ട്. മുന്നണി പ്രവേശനത്തിന് ശേഷമെ ഇക്കാര്യത്തിലൊക്കെ അന്തിമ ധാരണയുണ്ടാവൂ. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.