അനുനയനീക്കം തുടങ്ങി, ഇടപെടാതെ കേന്ദ്രം: കോടതിയിലെ കൊട്ടാരവിപ്ലവം, 10 സംഭവവികാസങ്ങള്‍

modi-misra
SHARE

രാജ്യത്തെ ഞെട്ടിച്ച് നാല് സുപ്രീംകോടതി ജഡ്ജിമാര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെത്തുടര്‍ന്ന് ഇന്ത്യന്‍ ജുഡീഷ്യറിയില്‍ ഉണ്ടായ അസാധാരണ പ്രതിസന്ധി പരിഹരിക്കാന്‍ അനുനയ നീക്കങ്ങള്‍ തുടങ്ങി. എന്നാല്‍, പ്രശ്നത്തില്‍ തത്കാലം ഇടപെടേണ്ടതില്ല എന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. ജുഡീഷ്യറിയിലെ പ്രതിസന്ധി ജുഡീഷ്യറിതന്നെ പരിഹരിക്കട്ടെ എന്നാണ് സര്‍ക്കാര്‍ നിലപാട്. സുപ്രീംകോടതി വിവാദത്തില്‍ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ ഇങ്ങനെ: 

∙ പ്രതിസന്ധി അനുനയത്തിലൂടെ പരിഹരിക്കാന്‍ ചീഫ് ജസ്റ്റീസ് ദീപക്മിശ്രതന്നെ ശ്രമം തുടങ്ങി. അനുനയ സാധ്യതകള്‍ തേടി ചില ജഡ്ജിമാര്‍ ജസ്റ്റീസ് ചെലമേശ്വറിനെ നേരില്‍ കണ്ടു. 

∙ ജഡ്ജിമാര്‍ക്ക് മറുപടി നല്‍കാനും തന്‍റെ ഭാഗം വിശദീകരിക്കാനും ചീഫ്ജസ്റ്റീസ് ദീപക് മിശ്ര നടത്താനിരുന്ന വാര്‍ത്താസമ്മേളനം ഉപേക്ഷിച്ചു. ചീഫ് ജസ്റ്റീസ്കൂടി പരസ്യ പ്രതികരണം നടത്തുന്നത് സ്ഥിതിഗതികള്‍ വഷളാക്കുമെന്ന് അറ്റോര്‍ണി ജനറല്‍ അടക്കമുള്ളവര്‍ അദ്ദേഹത്തെ ഉപദേശിച്ചതായി സൂചന. 

∙ ജഡ്ജിമാരുടെ പ്രതിഷേധം കോണ്‍ഗ്രസ് ഏറ്റെടുക്കുന്നു. പ്രശ്നം അതീവഗൗരവമുള്ളതും അലോസരപ്പെടുത്തുന്നതുമെന്ന് രാഹുല്‍ ഗാന്ധി. ഫുള്‍കോര്‍ട്ട് ചര്‍ച്ചചെയ്ത് ഉചിതമായ പരിഹാരം കാണണം. ജ‍ഡ്ജി ലോയയുടെ മരണം അന്വേഷിക്കാന്‍ സ്വതന്ത്രസംഘം വേണം. രാജ്യത്ത് ജനാധിപത്യം അപകടത്തിലായെന്നും കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടെ വസതിയില്‍ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്നു. 

∙ അസാധാരണ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ സുപ്രീംകോടതി അഭിഭാഷകര്‍ നാളെ യോഗം ചേരും. 

∙ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് സാഹചര്യങ്ങള്‍ വിശദീകരിച്ചു. വിഷയം സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമവിദഗ്ധരുമായും മന്ത്രിമാരുമായും ചര്‍ച്ച നടത്തി. തത്കാലം ഇടപെടേണ്ടതില്ലെന്നും സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കാനും തീരുമാനം. 

∙ ജുഡീഷ്യറിയിലേക്ക് കടന്നുകയറി കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ഇടപെടലുകളാണ് ഈ പ്രശ്നം സൃഷ്ടിച്ചതെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. ഇത് ജനാധിപത്യത്തിന് വലിയ ഭീഷണിയാണെന്നും ഇന്ന് പരമോന്നതകോടതിയില്‍ സംഭവിച്ചത് അങ്ങേയറ്റം ആശങ്കയുണ്ടാക്കുന്ന സംഭവങ്ങളാണെന്നും മമത. 

∙ ജഡ്ജിമാര്‍ പത്രസമ്മേളനം വിളിച്ചത് ഒഴിവാക്കാമായിരുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാല്‍. സാഹചര്യത്തിന് അനുസരിച്ച് ഉയര്‍ന്ന് ചീഫ്ജസ്റ്റീസ് അടക്കമുള്ളവര്‍ ജുഡീഷ്യറിയുടെ െഎക്യം ഉയര്‍ത്തുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. 

∙ ജുഡീഷ്യറിയുടെ ചരിത്രത്തിലെ മോശം ദിവസമാണ് ഇന്ന് എന്ന് സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നിഗം. സാധാരണക്കാര്‍ക്ക് കോടതിയോടുള്ള ആദരവ് നഷ്ടമാകാന്‍ ഇത്തരം സംഭവങ്ങള്‍ കാരണമാകും. പ്രശ്നങ്ങള്‍ ഉണ്ടെന്ന് താനും സമ്മതിക്കുന്നു. പക്ഷേ, പരിഹാരം ഇതല്ലെന്നും അദ്ദേഹം പറഞ്ഞു. 

∙ രാഷ്ട്രീയക്കാര്‍ പ്രസ്താവനകള്‍ നടത്തി പ്രശ്നം രൂക്ഷമാക്കരുതെന്ന് ശശി തരൂര്‍. എന്നാല്‍ ഈ വിഷയത്തില്‍ സര്‍ക്കാരിന്‍റെ ഭാഗത്തുനിന്ന് വീഴ്ചകള്‍ സംഭവിച്ചുവെന്നത് ചൂണ്ടിക്കാണിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജുഡീഷ്യറിക്കുമേല്‍ നിഴല്‍ വീണാല്‍ ആശങ്കയിലാവുന്നത് സമൂഹമാണെന്നും തരൂര്‍.

∙ സിപിെഎ നേതാവ് ഡി രാജ ജസ്റ്റീസ് ചെലമേശ്വറിനെ വസതിയില്‍ സന്ദര്‍ശിച്ചു. പ്രശ്നം വിശദമായി ജസ്റ്റിസ് തന്നോട് സംസാരിച്ചുവെന്നും ഡി.രാജ. 

∙ അങ്ങേയറ്റം ദുഖകരമായ സംഭവങ്ങളാണ് ഇന്ന് നടന്നതെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റീസ് കെജി ബാലകൃഷ്ണന്‍. ഇത്തരം വിഷയങ്ങള്‍ പരസ്യവിവാദത്തിലേക്ക് വരുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.  

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.