ഞങ്ങള്‍ നിശബ്ദരായിരുന്നുവെന്ന് നാളെ പറയരുത്..! ആ നാല് ജ‍ഡ്ജിമാര്‍ ഇവരാണ്

judges-supreme-court
SHARE

സുപ്രീംകോടതിയില്‍ പൊട്ടിത്തെറിയും ജഡ്ജിമാരുടെ പരസ്യപ്രതിഷേധവും. ചീഫ് ജസ്റ്റിസിനെതിരെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനം നടത്തി. ജസ്റ്റിസുമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കുര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് ചീഫിജസ്റ്റിനെതിരെ രംഗത്തെത്തിയത്. സൊറാബുദീന്‍ കേസിലെ ജഡ്ജി ലോയയുടെ മരണവുമായി ബന്ധപ്പെട്ടാണ് മുതിര്‍ന്ന ജഡ്ജിമാരുടെ പ്രതിഷേധം. ലോയ കേസില്‍ സുപ്രീംകോടതിയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടിയുണ്ടായെന്ന് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. സുപ്രീംകോടതിയിലെ ഭരണസംവിധാനം തകര്‍ന്നു. കാര്യങ്ങള്‍ നേരെയാക്കാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.  കോടതി ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ ജനാധിപത്യം തകരുമെന്നും ജഡ്ജിമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്തെ ഞെട്ടിച്ച ആ വാക്കുകള്‍ക്ക് ഉടമയായ നാലുപേര്‍ ഇവരാണ്. 

 

1.ജസ്റ്റിസ് ജെ. ചെലമേശ്വര്‍

സുപ്രീംകോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു‌. ചീഫ് ജസ്റ്റിസിന്റെ ഒട്ടേറെ തീരുമാനങ്ങളില്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നു. കൊളീജിയത്തില്‍ പലതവണ ചീഫ് ജസ്റ്റിസിന്റെ നടപടികളെ ചോദ്യം ചെയ്തു.ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയാക്കാന്‍ വൈകുന്നതില്‍ അതൃപ്തി അറിയിച്ചിരുന്നു. ജുഡീഷ്യല്‍ നിയമനങ്ങള്‍ സുതാര്യമല്ലെന്നും പരാതിപ്പെട്ടിരുന്നു.ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുയര്‍ന്ന മെ‍ഡിക്കല്‍ കോളജ് അനുമതിക്കേസ് പരിഗണിക്കാന്‍ തീരുമാനിച്ചു. ഇത് ചീഫ് ജസ്റ്റിസ് അസാധാരണ സിറ്റിങ്ങിലൂടെ റദ്ദാക്കി

2. ജസറ്റിസ് രഞ്ജന്‍ ഗൊഗോയ്

സുപ്രീംകോടതിയിലെ മുതിര്‍ന്ന മൂന്നാമത്തെ ജഡ്ജി. ജഡ്ജിമാര്‍ക്കിടയിലെ വിവാദങ്ങളില്‍ നിന്ന് അകന്ന് നില്‍ക്കുന്ന വ്യക്തി. സൗമ്യക്കേസില്‍ രഞ്ജന്‍ ഗൊഗേയിയുടെ നിലപാടുകള്‍ ശ്രദ്ധേയമായിരുന്നു. സൗമ്യക്കേസ് വിധിയെ വിമര്‍ശിച്ച ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജുവിനെ വിളിച്ചുവരുത്തി കോടതിയലക്ഷനടപടി തുടങ്ങി. തുടര്‍ന്ന് മാര്‍ക്കണ്ഡേയ കട്ജു മാപ്പ് പറഞ്ഞിനെത്തുടര്‍ന്ന് നടപടികള്‍  ഒഴിവാക്കി

3. മദന്‍ ബി.ലോക്കുര്‍ 

സുപ്രീംകോടതിയിലെ നാലാമത്തെ മുതിര്‍ന്ന ജഡ്ജി. തീരുമാനങ്ങള്‍ കൃത്യമായി പറയുന്ന പ്രകൃതക്കാരന്‍. ബി.എസ് ഫോര്‍ വാഹനങ്ങള്‍ നിര്‍ബന്ധമാക്കിയതുള്‍പ്പെടെ പരിസ്ഥതി സംരക്ഷണവുമായി ബന്ധപ്പെട് ഒട്ടേറെ ചരിത്രപരമായ വിധികള്‍ പ്രസ്താവിച്ചു. ടി.പി.സെന്‍കുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനഃനിയമിച്ചത് മദന്‍ ബി.ലോക്കുര്‍ അധ്യക്ഷനായ ബെഞ്ചാണ്. 

4.കുര്യന്‍ ജോസഫ് 

സുപ്രീംകോടതിയിലെ അഞ്ചാമത്തെ മുതിര്‍ന്ന ജഡ്ജി. മുത്തലാഖ് കേസില്‍ ചരിത്രവിധി പറഞ്ഞ ബെഞ്ചിലെ അംഗം. മുത്തലാഖ് നിരോധിക്കണെന്ന് ശക്തമായ നിലപാടെടുത്തു.നിലവില്‍ സുപ്രീംകോടതിയിലെ ഏക മലയാളി ജഡ്ജി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.