സഭയും സർക്കാരും വിട്ടുവീഴ്ചയ്ക്കില്ല; സമരക്കാരെ തള്ളി മന്ത്രി

k-raju
SHARE

ബോണക്കാട് ദിവസം മുഴുവന്‍ നീണ്ട സംഘര്‍ഷത്തിനൊടുവിലും കുരിശുമല തീര്‍ഥാടനത്തിന്റെ കാര്യത്തില്‍ ഒത്തുതീര്‍പ്പിലെത്താന്‍ സര്‍ക്കാരിനും സഭയ്ക്കും സാധിച്ചിട്ടില്ല. എല്ലാവരെയും ഒരുമിച്ച് വനത്തില്‍ പ്രവേശിപ്പിക്കാനാവില്ലെന്നാണ് വനംമന്ത്രി കെ.രാജുവിന്റെ നിലപാട്. കുരിശുമലയാത്രയുടെ അനുമതിക്കായി ആരും തന്നെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ വനത്തില്‍ പ്രവേശിക്കുന്നത് ഹൈക്കോടതി തടഞ്ഞിട്ടില്ലെന്നും ആരാധനാസ്വാതന്ത്ര്യം അനുവദിക്കണമെന്നുമാണ് നെയ്യാറ്റിന്‍കര രൂപതയുടെ നിലപാട്. 

ചെറിയബാച്ചുകളായി വിശ്വാസികളെ പ്രവേശിപ്പിക്കാമെങ്കിലും സ്ഥിരമായി ഇത് തുടരാനാവില്ല. എല്ലാ അനുമതിയും നേടി അറിയിക്കേണ്ടവരെയെല്ലാം അറിയിച്ചാണ് വിശ്വാസികള്‍ കുരിശുമല കയറാനെത്തിയതെന്ന് സഭ പറയുന്നു. കുരിശുമലയിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കു മാത്രമേ കോടതി വിലക്കുള്ളു. പ്രാര്‍ഥന നടത്തുന്നത് തടഞ്ഞിട്ടില്ല. ചെറുസംഘങ്ങളായി വിശ്വാസികളെ പ്രവേശിപ്പിക്കുന്നത് പ്രായോഗികമല്ലെന്നുമാണ് സഭയുടെ നിലപാട്. കുരിശുവഹിക്കാതെ നിശ്ചിത എണ്ണം വിശ്വാസികളെ കുരിശുമലകയറാന്‍ അനുവദിക്കാമെന്ന നിലപാട് ജില്ലാ ഭരണകൂടം സഭാനേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ച തുടരുകയാണ്. കുരിശുമലയില്‍ ആരാധനയ്ക്ക് അവസരം ആവശ്യപ്പെട്ട് ചൊവ്വാഴ്ച നെയ്യാറ്റിന്‍കര ബിഷപ്പും വിശ്വാസികളും സെക്രട്ടേറിയറ്റിന് മുന്നില്‍ ഉപവസിക്കും. 

പകല്‍ മുഴുവന്‍ നീണ്ട സംഘര്‍ഷത്തില്‍ വൈദികരും പൊലീസുകാരും സ്ത്രീകളും ഉള്‍പ്പടെ നാല്‍പതോളം പേര്‍ക്ക് പരുക്കേറ്റു.15 പേരെ ആരാധനക്കായി പ്രവേശിപ്പിക്കാമെന്ന് തഹസീല്‍ദാര്‍ പറഞ്ഞെങ്കിലും വിശ്വാസികള്‍ സമ്മതിച്ചില്ല. സ്ഥലത്തെത്തിയ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വനംമന്ത്രിയുമായി ഫോണില്‍ സംസാരിച്ച് 50 പേരെ വീതം കയറ്റിവിടാമെന്ന് ഉറപ്പുനല്‍കിയിട്ടും വഴങ്ങിയില്ല. ചര്‍ച്ച പരാജയപ്പെട്ടതോടെ പ്രതിഷേധം വിതുരയിലേക്കായി. റോഡ് ഉപരോധിച്ചവരെ ബലം പ്രയോഗിച്ച് പൊലീസ് നീക്കം ചെയ്യാന്‍ ശ്രമിച്ചതോടെ സംഘര്‍ഷമായി. കാണിത്തടം ചെക്ക് പോസ്്റ്റില്‍ വിശ്വാസികളെ പൊലീസ് തടഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ചെക്ക് പോസ്്റ്റും ബാരിക്കേഡും വിശ്വാസികള്‍ അടിച്ചുതകര്‍ത്തു. ഇതോടെ പൊലീസ് ലാത്തിവീശി. ഒരു സി.െഎ ഉള്‍പ്പടെ പതിനെട്ട് പൊലീസുകാര്‍ക്കും മൂന്ന് വൈദികരുള്‍പ്പടെ ഇരുപത് വിശ്വാസികള്‍ക്കും പരുക്കേറ്റു. കെ.എസ്.ആര്‍.ടി.സി ബസിന്റ ചില്ലുകളും കല്ലേറില്‍ തകര്‍ന്നു. കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ചതോടെ സംഘര്‍ഷത്തിന് ശമനമായി.  

MORE IN BREAKING NEWS
SHOW MORE