ഓഖി: രാഹുൽ ഗാന്ധി 14 ന് പൂന്തുറയും വിഴിഞ്ഞവും സന്ദർശിക്കും

8800500_20101004_182
SHARE

രാഹുല്‍ഗാന്ധി  14ന് ഓഖി ചുഴലിക്കാറ്റ് നാശം വിതച്ച പൂന്തുറയിലും വിഴിഞ്ഞത്തും സന്ദർശം നടത്തും. 

ഓഖി ചുഴലിക്കാറ്റ് വീശുമെന്ന മുന്നറിയിപ്പുകള്‍ സര്‍ക്കാര്‍ ഫയലില്‍ കെട്ടിവ‌ച്ചെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വാർത്താസമ്മേളനത്തിൽ കുറ്റപ്പെടുത്തി. ആഞ്ഞടിച്ച് കടന്നുപോയപ്പോഴാണ് ചുഴലിക്കാറ്റാണെന്ന് സര്‍ക്കാര്‍ തിരിച്ചറിഞ്ഞത്. മുന്നറിയിപ്പുകള്‍  ലഭിച്ചിട്ടും സര്‍ക്കാര്‍ പ്രവര്‍ത്തിക്കാതിരുന്നത് വലിയ വീഴ്ചയാണ്. പുറത്തുപറയാന്‍ പറ്റാത്ത ന്യായങ്ങളാണ് ചീഫ് സെക്രട്ടറി പറയുന്നത്. നഷ്ടപരിഹാരം 25 ലക്ഷമാക്കണം. ‌‌മരണപ്പെട്ടവരുടെ ആശ്രിതര്‍ക്ക് ജോലി നല്കണം.മന്ത്രിമാരായ കടകംപളളി സുരേന്ദ്രനും മേഴ്സിക്കുട്ടിയമ്മയും ജനങ്ങളെ പ്രകോപിപ്പിക്കുകയാണ് ചെയ്തത്. മല്‍സ്യത്തൊഴിലാളികളെ പേടിച്ച് മുഖ്യമന്ത്രി ബുളളറ്റ് പ്രൂഫ് കാര്‍ വാങ്ങുകയാണെന്നും ചെന്നിത്തല വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

ഇന്ന്  മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

ഓഖി ചുഴലിക്കാറ്റ് ദുരന്തം വിതച്ച്  എട്ട് ദിവസം പിന്നിടുമ്പോളും  സംസ്ഥാന തീരത്തുനിന്ന് മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നു. ഇന്ന്  മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഒരാളുടെ മൃതദേഹം കായംകുളത്തിനടുത്ത് അഴീക്കലില്‍ നിന്ന് മറീന്‍ എന്‍ഫോഴ്സ്മെന്റാണ് കണ്ടെത്തിയത്. ആലപ്പുഴക്കും കൊച്ചിക്കുമിടയിലായി രണ്ട് മൃതദേഹങ്ങള്‍ തീരസംരക്ഷണസേനയും കണ്ടെത്തിയതോടെ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 38 ആയി. അതേസമയം 15  മല്‍സ്യത്തൊഴിലാളികളെ വ്യോമസേന കോഴിക്കോട് ഭാഗത്ത് പുറംകടലില്‍ നിന്ന് രക്ഷപെടുത്തി. ഇവരെ ലക്ഷദ്വീപിലെ കവരത്തിയില്‍ എത്തിച്ചു.  കാണാതായവര്‍ക്കായി  വ്യോമ, നാവിക സേനകകളുടെ തിരച്ചില്‍ കടലില്‍ തുടരുകയാണ് .

മല്‍സ്യതൊഴിലാളികൾ പ്രതിഷേധത്തിൽ, മൂന്ന് ട്രയിനുകള്‍ തടഞ്ഞിട്ടു

കാണാതായ മല്‍സ്യതൊഴിലാളികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട്ടിലെ കന്യാകുമാരി‍ ജില്ലയിലും വന്‍ പ്രതിഷേധം. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിനു നാട്ടുകാര്‍ കുഴിത്തുറയില്‍ ദേശീയപാതയും റയില്‍വേ സ്റ്റേഷനും  ഉപരോധിക്കുന്നു. ഒന്‍പത് തീരദേശ പഞ്ചായത്തുകളില്‍നിന്നുള്ള നാട്ടുകാരാണ് പ്രതി·ഷേധത്തില്‍ പങ്കെടുക്കുന്നത്. 1150 മല്‍സ്യതൊഴിലാളികളെ ഇനിയും കണ്ടെത്താനുണ്ടെന്നും രക്ഷാപ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ആരോപിച്ചാണ് പ്രതിഷേധം. 

സർക്കാരിനെതിരെ ലത്തീന്‍ സഭ

ദുരന്തത്തില്‍പ്പെട്ട് നില്‍ക്കുന്ന  മല്‍‌സ്യത്തൊഴിലാളികളുടെ വികാരം ഉള്‍ക്കൊള്ളാന്‍ സര്‍ക്കാരിനായില്ലെന്ന് ലത്തീന്‍ സഭ.  സമരത്തിനൊരുങ്ങാന്‍ തൊഴിലാളികള്‍ സഭയോട് ആവശ്യപ്പെടുന്നുണ്ട്.  ഇനിയും അലംഭാവം തുടര്‍ന്നാല്‍ ശക്തമായ പ്രതിഷേധം ഉണ്ടാകും. സര്‍ക്കാര്‍ പ്രഖ്യാപിച്ച പാക്കേജിലും അതൃപ്തിയുണ്ടെന്ന് തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍  മോണ്‍സീഞ്ഞോര്‍ യൂജിന്‍ പെരേര പറഞ്ഞു

സൗജന്യഅരിയിൽ തട്ടിപ്പ്, നാലു റേഷന്‍കടകള്‍ക്കു പൂട്ടു വീണു

ഓഖി ദുരിതബാധിതര്‍ക്കുള്ള സൗജന്യഅരിയിൽ തട്ടിപ്പ് . നെയ്യാറ്റിന്‍കര താലൂക്കിലെ നാലു റേഷന്‍കടകള്‍ സസ്പെന്‍ഡ് ചെയ്തു. അരിയുടെ നിലവാരത്തിലും തൂക്കത്തിലും തട്ടിപ്പ് നടന്നു .  ഭക്ഷ്യമന്ത്രിയുടെ നേരിട്ടുള്ള പരിശോധനയ്ക്കുശേഷമാണ് നടപടി 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.