സവാളയ്ക്കും ചെറിയഉള്ളിക്കും വിലകുതിക്കുന്നു

Thumb Image
SHARE

ഉല്‍പാദനംകുറഞ്ഞതോടെ സവാളയ്ക്കും ചെറിയഉള്ളിക്കും രാജ്യത്ത് വിലകുതിക്കുന്നു. ഉത്തരേന്ത്യയില്‍ രണ്ടാഴ്ചയ്ക്കിടെ മുപ്പത്ശതമാനംവരെയാണ് വില ഉയര്‍ന്നത്. വിലക്കയറ്റം കുറഞ്ഞത് രണ്ടാഴ്ച കൂടി തുടരുമെന്ന് മുംബൈയിലേയും ഡല്‍ഹിയിലേയും കച്ചവടക്കാര്‍ വ്യക്തമാക്കുന്നു. 

ചെറിയ ഉള്ളിക്ക് കിലോയൊന്നിന് മൊത്തവില150 ആയിരുന്നത് 170മുതല്‍180വരെയെത്തി. ചെറുകിടവില്‍പ്പന ഇരുന്നൂറിന് മുകളില്‍. സാവാളയ്ക്ക് ഒരുമാസംമുന്‍പ് 25മുതല്‍ 35 വരെയായിരുന്നു മൊത്തവിലയെങ്കില്‍ ഇപ്പോഴത് 45 വരെയായി. ചെറുകിടവില്‍പ്പന അറുപതിന് മുകളില്‍. മുംബൈയിലെ മലയാളിസമൂഹം ഉള്‍പ്പെടെയുള്ളവര്‍ ആശ്രയിക്കുന്ന മാട്ടുംഗ മാര്‍ക്കറ്റിലെ കണക്കുകളാണിത്. 

തമിഴ്നാട്ടില്‍നിന്ന് എത്തിയിരുന്ന ചെറിയഉള്ളിയുടെ ലോഡ് ഗണ്യമായി കുറഞ്ഞു. മഴചതിച്ചത് കര്‍ണാടക, മഹാരാഷ്ട്ര, ആന്ധ്ര എന്നിവിടങ്ങളിലെ സാവാള ഉല്‍പാദനത്തിന് തിരിച്ചടിയായെന്നും കച്ചവടക്കാര്‍. 

സവാള ഉല്‍പ്പാദനത്തില്‍ മൂന്നാം സ്ഥാനത്തുള്ള മധ്യപ്രേദേശിലെ പാടങ്ങളില്‍ വെള്ളം കയറിയതും ഖാരിഫ് സീസണില്‍ സവാള കൃഷി കര്‍ഷകര്‍ ഉപേക്ഷിച്ചതുമാണ് ഉത്തരേന്ത്യന്‍ വിപണിയിലെ പ്രതിസന്ധിക്ക് പ്രധാനകാരണം.ജൂലൈയില്‍ തുടങ്ങി ഒക്ടോബറില്‍ അവസാനിക്കുന്ന ഖാരിഫ് സീസണില്‍ 30 ശതമാനം സവാളകൃഷി കുറഞ്ഞതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. അരി, ചോളം, ബജ്്റ, സോയാബീന്‍ ഉള്‍പ്പെടെയുള്ള വിളകളിലേക്ക് കര്‍ഷകര്‍ മാറിയതും തിരിച്ചടിയായി. വിപണിയിലെ ലഭ്യതക്കുറവ് ഒഴിവാക്കാന്‍ 2000 ടണ്‍ സവാള ഉടന്‍ ഇറക്കുമതി ചെയ്യാനൊരുങ്ങുകയാണ് സംഭരണ ഏജന്‍സിയായ എം.എം.ടി.സി. കയറ്റുമതി കുറയ്ക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. 

മധ്യപ്രദേശിലെ ഗ്വാളിയോര്‍ ‍, മഹാരാഷ്ട്രയിലെ നാസിക്, രാജസ്ഥാനിലെ അല്‍വാര്‍ എന്നിവിടങ്ങളില്‍ പ്രത്യേക സംഭരണകേന്ദ്രങ്ങള്‍ നിര്‍മിക്കുമെന്ന് ഭക്ഷ്യമന്ത്രി രാം വിലാസ് പാസ്വാന്‍ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഖാരിഫ് സീസണ്‍ അവസാനിച്ചിട്ടും യാതൊരു നടപടിയുമില്ലാത്തത് ഉത്തരേന്ത്യന്‍ കുടുംബങ്ങള്‍ക്ക് ഒഴിവാക്കാനാവാത്ത സവാളയുടെ ലഭ്യതയ്ക്ക് തിരിച്ചടിയായി.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.