വ്യക്തിയല്ല പാര്‍ട്ടിയാണ് പ്രധാനം, അണികളോട് പി.ജയരാജന്‍

p-jayarajan-1
SHARE

പാർട്ടിയിൽ വ്യക്തികൾക്കല്ല പ്രാധാന്യമെന്ന് വിശദീകരിച്ച് പി.ജയരാജൻ. നേതാവിന്റെ ശക്തികൊണ്ടല്ല പാർട്ടി മുന്നോട്ട് പോകുന്നത്. കണ്ണൂർ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

പി.ജയരാജനെതിരെയുള്ള വിമർശനങ്ങൾക്കിടെയാണ് കണ്ണൂരിൽ ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചിരിക്കുന്നത്. ഏതെങ്കിലുമൊരു നേതാവിന്റെ ശക്തി കൊണ്ടല്ല പാർട്ടി മുന്നോട്ട് പോകുന്നതെന്ന് പി.ജയരാജൻ സമ്മേളന വേദിയിൽ വ്യക്തമാക്കി. 

സർക്കാരിനെതിരെ സമരം നടന്ന കീഴാറ്റൂരിൽ ഉൾപ്പടെ അണികളെ ഒപ്പം നിറുത്താനും ജില്ലാ സെക്രട്ടറി ആഹ്വാനം ചെയ്തു. വികസന കാര്യങ്ങൾ ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും പ്രതിനിധികളെ ഓർമിപ്പിച്ചു. 

അടുത്തമാസം പതിനേഴിനുള്ളിൽ പതിനെട്ട് ഏരിയ സമ്മേളനങ്ങളും പൂർത്തിയാകും. 

ജയരാജന്റെ മാരത്തൺ പ്രസംഗം

ഏതെങ്കിലും നേതാവിന്റെ ശക്തി കൊണ്ടല്ല പാർട്ടി വളർന്നത് എന്ന വാചകം ഒഴിച്ചാല്‍ പാർട്ടിയിലെ വിവാദങ്ങളിൽ തൊടാതെയായിരുന്നു പാർട്ടി സമ്മേളനത്തിൽ‌ സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്റെ ഒന്നര മണിക്കൂർ പ്രസംഗം. കണ്ണൂരിൽ ഇന്ന് ആരംഭിക്കുന്ന സിപിഎം ഏരിയാ സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തിലായിരുന്നു ജയരാജന്റെ മാരത്തൺ പ്രസംഗം. കൃത്യം ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പ്രസംഗം  പാർട്ടി സമ്മേളന പ്രസംഗങ്ങളുടെ പതിവു ശൈലിയിൽ തന്നെയായിരുന്നു-ആഗോള രാഷ്ട്രീയത്തിന് അരമണിക്കൂർ, ദേശീയ രാഷ്ട്രീയത്തിന് അരമണിക്കൂർ, സംസ്ഥാന രാഷ്ട്രീയത്തിന് അരമണിക്കൂർ എന്ന മട്ടിൽ.  

വ്യക്തിപൂജയെ പ്രോത്സാഹിപ്പിക്കുന്നുവെന്നും മറ്റും കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജനെതിരെ വിമർശനമുണ്ടായ സാഹചര്യത്തിൽ പാർട്ടി സമ്മേളന വേദിയിൽ അദ്ദേഹത്തിന്റെ ഇന്നത്തെ പ്രസംഗം എന്താവുമെന്നു പലർക്കും ആകാംക്ഷയുണ്ടായിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ വിമർശനം ശരിവച്ചു ജയരാജൻ തിങ്കളാഴ്ച കണ്ണൂരിൽ മാധ്യമങ്ങളോടു സംസാരിച്ചെങ്കിലും ഇന്നത്തെ പ്രസംഗത്തിൽ ആ വിഷയം തൊട്ടില്ല. 

പതിവിൽ കവിഞ്ഞ ആവേശപ്രകടനങ്ങളോ ആരവങ്ങളോ കയ്യടികളോ ഇന്ന് അണികളിൽ നിന്നുണ്ടായില്ലെന്നതും ശ്രദ്ധേയമായി. സംസ്ഥാനത്തെ വികസന പദ്ധതികൾക്കെതിരെ നടക്കുന്ന സമരങ്ങളെ ജയരാജൻ പ്രസംഗത്തിൽ നിശിതമായി വിമർശിച്ചു. അപ്രായോഗികമായ മുദ്രാവാക്യങ്ങളുമായി മതതീവ്രവാദ സംഘടനകൾ വികസന പദ്ധതികൾക്കെതിരെ സമരം നടത്തുകയാണെന്നു ജയരാജൻ ആരോപിച്ചു. 

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.