കോടതി വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിവയ്ക്കും:തോമസ് ചാണ്ടി

thomas-chandy.1jpg
SHARE

കോടതി വിധിയില്‍ വിമര്‍ശനമുണ്ടെങ്കില്‍ രാജിവയ്ക്കുമെന്നു മന്ത്രി തോമസ് ചാണ്ടി. കോടതിയുടെ പരാമര്‍ശങ്ങള്‍ വിധിന്യായമല്ല. കോടതിവിധിയുടെ പകര്‍പ്പ് ലഭിച്ചശേഷം തീരുമാനമെടുക്കും. നാളെ വൈകിട്ട് വീണ്ടും മാധ്യമങ്ങളെ കാണും. വിധിയോടെ തനിക്കുണ്ടായിരുന്ന 90 ശതമാനം പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു. തനിക്കെതിരായ രണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ലേക് പാലസ് റിസോര്‍ട്ട് കേസില്‍ മുന്‍കലക്ടറുടെ കണ്ടെത്തലുകള്‍ കോടതി ശരിവച്ചെന്നും ചാണ്ടി മാധ്യമങ്ങളോടു പറഞ്ഞു. 

കായല്‍ കയ്യേറ്റ ആരോപണത്തില്‍ ആലപ്പുഴ കലക്ടറുടെ റിപ്പോർട്ട് ചോദ്യം ചെയ്തുള്ള മന്ത്രി  തോമസ് ചാണ്ടിയുടെ ഹര്‍ജി അതിരൂക്ഷമായ വിമര്‍ശനങ്ങളോടെ ഹൈക്കോടതി തള്ളിയിരുന്നു. സര്‍ക്കാരിനെ ചോദ്യംചെയ്ത് മന്ത്രി കോടതിയെ സമീപിക്കുന്നത് ഭരണഘടനാവിരുദ്ധമെന്നും റിപ്പോര്‍ട്ടില്‍ പിശകുണ്ടെങ്കില്‍ കലക്ടറെതന്നെ സമീപിക്കണമെന്നും കോടതി പറഞ്ഞു. തോമസ് ചാണ്ടിയുടെ അപേക്ഷയില്‍ കലക്ടര്‍ 15 ദിവസത്തിനകം തീരുമാനമെടുക്കണമെന്നും പരസ്പരപൂരകമായ രണ്ട് വിധിന്യായങ്ങളിലൂടെ ജസ്റ്റിസ് പി.എന്‍ രവീന്ദ്രനും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനും വ്യക്തമാക്കി. 

കേസില്‍ വാദം കേള്‍ക്കവേ  രൂക്ഷവിമര്‍ശനമാണ്് ഹൈക്കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. നിയമത്തെ മാനിക്കുന്നുവെങ്കില്‍ ദന്തഗോപുരത്തില്‍നിന്ന് താഴെയിറങ്ങണം. സാധാരണക്കാരനെ പോലെ വിഷയത്തെ സമീപിക്കണമെന്നും കോടതി വിമര്‍ശിച്ചു . കോടതിയെ സമീപിച്ച് തല്‍സ്ഥാനത്ത് തുടരാന്‍ മന്ത്രി  ശ്രമിക്കുകയാണ്. കോടതിയെ ഇതിനുവേണ്ടി ഉപയോഗിക്കുന്നത് ദൗര്‍ഭാഗ്യകരമെന്നും കോടതി പറഞ്ഞു. 

എന്നാല്‍ തോമസ് ചാണ്ടിയുടെ കാര്യത്തില്‍ തക്കസമയത്ത് തീരുമാനമെടുക്കുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്ക്. കോടതിവിധിയും എന്‍സിപി യോഗതീരുമാനവും പരിശോധിച്ചശേഷം നടപടിയെടുക്കുമെന്ന് അദ്ദേഹം തിരുവനന്തപുരത്ത് വിശദമാക്കി. രാജി അനിവാര്യമാണെന്ന സൂചനയാണു മാധ്യമ പ്രവർത്തകരോടുള്ള മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ  അതെപ്പോഴാണെന്ന് ആവർത്തിച്ചു ചോദിച്ചെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല. എൻ.സി.പിയെ  കൂടി വിശ്വാസത്തിലെടുത്തുകൊണ്ടുള്ള തീരുമാനമാകും ഉണ്ടാകുകയെന്നാണ് ഇതു നൽകുന്ന സൂചന.

MORE IN BREAKING NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.