ചെമ്പനോടയിലെ കര്‍ഷക ആത്മഹത്യ: കൂടുതല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദികള്‍

Thumb Image
SHARE

കോഴിക്കോട് ചെമ്പനോട വില്ലേജ് ഓഫിസിൽ കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർക്ക് പങ്കെന്ന് കലക്ടറുടെ റിപ്പോർട്ട്.  നേരത്തെ സസ്പെൻഷനിലായ രണ്ട് ഉദ്യോഗസ്ഥർക്കുൾപ്പെടെ ഗുരുതര വീഴ്ചയുണ്ടായെന്ന് തെളിയിക്കുന്ന വിശദമായ റിപ്പോർട്ട് കലക്ടർ സർക്കാരിന് സമർപ്പിച്ചു. ആത്മഹത്യ ഒഴിവാക്കാമായിരുന്നുവെന്നും ഉദ്യോഗസ്ഥർ ബോധപൂർവം വീഴ്ചവരുത്തിയതായും റിപ്പോർട്ടിലുണ്ട്. 

സ്വന്തമായുള്ള ഭൂമിയുടെ കരം സ്വീകരിക്കാത്തതിനെത്തുടർന്ന് ജൂൺ 21 നാണ് കർഷകൻ ജോയി ചെമ്പനോട വില്ലേജ് ഓഫിസിൽ തൂങ്ങിമരിച്ചത്. വില്ലേജ് അസിസ്റ്റന്റ് സിലീഷ് തോമസ്, വില്ലേജ് ഓഫിസർ സണ്ണി എന്നിവരെ സസ്പെൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയതിനെത്തുടർന്ന് സിലീഷ് അറസ്റ്റിലായി. വിശദമായ അന്വേഷണത്തിന് റവന്യൂമന്ത്രി ഉത്തരവിട്ടു. കലക്ടർ നൽകിയ റിപ്പോർട്ടിൽ താലൂക്കിലെയും വില്ലേജ് ഓഫിസിലെയും രണ്ടുവീതം ഉദ്യോഗസ്ഥർക്കെതിരെ നടപടിയ്ക്ക് ശുപാർശയുണ്ട്. കൃത്യമായ രേഖകൾ നൽ‍കിയിട്ടും ഉദ്യോഗസ്ഥർ ബോധപൂർവമായ വീഴ്ച വരുത്തിയെന്നാണ് റിപ്പോർട്ടിലുള്ളത്. കാലതാമസം വരുത്തിയതായും കണ്ടെത്തി. ഉദ്യോഗസ്ഥരുടെ ജാഗ്രതക്കുറവാണ് കർഷകന്റെ ആത്മഹത്യയ്ക്കിടയാക്കിയത്. ഉദ്യോഗസ്ഥർക്കെതിരെ ചില കർഷകർ നൽകിയ പരാതിയുടെ വിവരങ്ങളും റിപ്പോർട്ടിലുണ്ട്. ഇവർക്കെതിരായ വകുപ്പ് തല നടപടിയ്ക്ക് കലക്ടർ ആർഡിഒയെ ചുമതലപ്പെടുത്തി. 

ചെമ്പനോടയിലെ കർഷക ആത്മഹത്യയിൽ നേരത്തെ റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ റിപ്പോർട്ടിലും ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച തെളിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് കലക്ടറുടെ കണ്ടെത്തലുകളും സർക്കാരിന് കൈമാറിയത്. പിഴവ് കണ്ടെത്തിയ ഉദ്യോഗസ്ഥർക്കെതിരായ നടപടി ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. 

MORE IN BREAKING NEWS
SHOW MORE