ബീയര്‍ വിപ്ലവത്തിന് എക്സൈസ്: ഹോട്ടലുകളില്‍ ബീയര്‍ നിര്‍മിച്ച് വില്‍ക്കാമെന്ന് ശുപാര്‍ശ

Thumb Image
SHARE

ഹോട്ടലുകൾക്ക് ബിയർ സ്വന്തമായി നിർമിച്ച് വിൽക്കാൻ അനുമതി നൽകാമെന്ന് എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട്. കൂടുതൽ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ കഴിയുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇക്കാര്യത്തിൽ സർക്കാരായിരിക്കും അന്തിമ തീരുമാനമെടുക്കുക. ബിയറുണ്ടാക്കി വിൽക്കാനാകുന്ന മൈക്രോ ബ്രൂവറികൾ അനുവദിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ സർക്കാർ എക്സൈസ് കമ്മിഷണറെ ചുമതലപ്പെടുത്തിയിരുന്നു.

എക്സൈസ് കമ്മിഷണറുടെ റിപ്പോർട്ട് സർക്കാർ അംഗീകരിക്കുകയാണെങ്കിൽ ഇനി ഹോട്ടലുകളിൽ കയറി ഇഷ്ടപ്പെട്ട രുചിയിലുള്ള ബിയറുകൾ  നുണയാം. പതിനാറു രുചികളാണ് ബിയറിനുള്ളതെങ്കിൽ സംസ്ഥാനത്തിപ്പോൾ ഓറഞ്ച്, മാങ്ങ,മെയ്സ് തുടങ്ങി ആറു രുചികളേ ഉള്ളു.  സ്വന്തമായി ബിയർ നിർമ്മിച്ചു വിൽക്കാൻ സാധിക്കുന്ന മൈക്രോ ബ്രൂവറികളും  24 മണിക്കൂറും പ്രവർത്തിക്കുന്ന പബ്ബുകളും  തുടങ്ങാനുള്ള അനുമതി തേടി പത്ത്  ബാറുകളാണ് എക്സൈസിനെ സമീപിച്ചത്. ഇക്കാര്യം എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ് സർക്കാരിനെ അറിയിച്ചു. രാജ്യത്ത് ബംഗ്ളൂരു പോലുള്ള നഗരങ്ങളിൽ ഹോട്ടലുകൾക്ക് സ്വന്തമായി ബിയർ നിർമിക്കാൻ അനുമതി നൽകിയിട്ടുണ്ടെന്ന്  കമ്മിഷണർ സർക്കാരിനു കൈമാറിയ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. ഇതെതുടർന്നാണ് സംസ്ഥാനത്തും ഇതിന്റെ സാധ്യത പരിശോധിക്കാൻ സർക്കാർ കമ്മീഷണറോട് ആവശ്യപ്പെട്ടത്. 

ബംഗ്ളുരുവിലെ ഹോട്ടലുകളുടെ പ്രവർത്തനം നിരീക്ഷിച്ചാണ്  കമ്മീഷണർ റിപ്പോർട്ട് തയ്യാറാക്കിയത് .കൂടുതല്‍ പേർക്ക് തൊഴിലവസരം ലഭ്യമാക്കാൻ പുതിയ പദ്ധതിയിലൂടെ സാധിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.  അനുമതി ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാൽ അതുകൂടി പരിശോധിച്ചശേഷമെ സർക്കാർ അന്തിമതീരുമാനമെടുക്കു. 

നിലവിൽ സ്വകാര്യ കമ്പനികൾ ഉൽപാദിപ്പിക്കുന്ന ബിയറാണ് വൻകിട ഹോട്ടലുകൾ വിൽക്കുന്നത്. കർണ്ണാടകയിലപ്പോലെ  ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങണമെന്ന നിർദേശവും റിപ്പോർട്ടിലുണ്ട്.  എക്സൈസ് വകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറി ടോം ജോസിന് രണ്ടുദിവസത്തിനുള്ളിൽ റിപ്പോർട്ട് കൈമാറും.

MORE IN BREAKING NEWS
SHOW MORE