പി.വി.അന്‍വര്‍ എം.എല്‍.എ ഭൂപരിഷ്കരണനിയമം ലംഘിച്ചതിന് തെളിവ്. ഒരുകുടുംബത്തിന് 15 ഏക്കര്‍ ഭൂമി മാത്രം കൈവശം വയ്ക്കാവുന്നിടത്ത് അന്‍വറിന്റേയും ഭാര്യയുടേയും പേരിലുള്ളത് 208 ഏക്കര്‍. കൂടരഞ്ഞിയിലെ വാട്ടര്‍തീം പാര്‍ക്കിന്റെ ഭൂമി തിരഞ്ഞെടുപ്പു സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുമില്ല. നിയമവിരുദ്ധമായി കൈവശം വയ്ക്കുന്ന ഭൂമി കണ്ടുകെട്ടണമെന്നാവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കത്തുനല്‍കി.
വിവരാവകാശ നിയമപ്രകാരം ലഭ്യമാക്കിയ രേഖകള്‍ അനുസരിച്ച് ഗുരുതരമായ നിയമലംഘനങ്ങളാണ് പി.വി.അന്‍വറിന്റെ പേരിലുള്ളത്. ഭൂപരിഷ്കരണ നിയമപ്രകാരം വ്യക്തിക്ക് ഏഴരയേക്കറും കുടുംബത്തിന് പതിനഞ്ചേക്കറും ഭൂമി മാത്രമേ കൈവശം വയ്ക്കാനാകൂ. അന്‍വറിന്റേയും കുടുംബാംഗങ്ങളുടേയും പേരില്‍ 207.84 ഏക്കര്‍ ഭൂമിയുണ്ടെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കോഴിക്കോട് കൂടരഞ്ഞിയിലെ വിവാദപാര്ക്കില് മാത്രം പതിനൊന്നേക്കര്‍ സ്ഥലമുണ്ട്. ഇത് അന്‍വറിന്റേയും രണ്ടാംഭാര്യ അഫ്സത്തിന്റേയും പേരിലാണ്.
കൂടരഞ്ഞിയിലേതൊഴികെയുള്ള ഭൂസ്വത്തിന്റെ വിവരങ്ങള്‍ തിരഞ്ഞെടുപ്പുസത്യവാങ് മൂലത്തില്‍ ഉണ്ടെങ്കിലും ചതുരശ്ര അടിക്കണക്കിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിയമലംഘനം മറച്ചുവയ്ക്കാനാണ് ഇതെന്ന് വിവരാവകാശപ്രവര്‍ത്തകര്‍ ആരോപിച്ചു. ഇക്കാര്യത്തില്‍ ഇതുവരെ ഒരുനടപടിയും എടുത്തില്ലെന്നും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും നല്കിയ കത്തില്‍ അവര്‍ ചൂണ്ടിക്കാട്ടി.