E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday November 27 2020 11:43 AM IST

Facebook
Twitter
Google Plus
Youtube

അണ്ടർ 17 പോരാട്ടം; ഇറാനെ തോൽപിച്ച് സ്പെയിൻ സെമിയിൽ

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

അണ്ടർ 17 ലോകകപ്പിലെ അവശേഷിച്ച ഏഷ്യൻ പ്രതിനിധികളെയും പുറത്താക്കി സ്പെയിനിന്റെ കുട്ടിപ്പട സെമിയിലേക്ക്. കൊച്ചി ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടന്ന ഈ ലോകകപ്പിലെ അവസാന മൽസരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് ഇറാനെ വീഴ്ത്തിയാണ് യൂറോപ്യൻ ചാംപ്യൻമാരായ സ്പെയിനിന്റെ സെമിപ്രവേശം. ക്യാപ്റ്റൻ ആബേൽ റൂയിസ് (13), സെർജിയോ ഗോമസ് (60), ഫെറാൻ ടോറസ് (67) എന്നിവർ സ്പെയിനിനായി ലക്ഷ്യം കണ്ടപ്പോൾ, സയീദ് കരീമിയാണ് (70) ഇറാന്റെ ആശ്വാസ ഗോൾ നേടിയത്. ലോകകിരീടം തേടിയുള്ള പ്രയാണത്തിനു തോൽവിയോടെ തുടക്കമിട്ട കൊച്ചിയുടെ കളിമുറ്റത്തുനിന്ന് തകർപ്പൻ വിജയത്തോടെയാണ് സ്പെയിൻ വിടപറയുന്നത്. ബുധനാഴ്ച മുംബൈയിൽ നടക്കുന്ന സെമി പോരാട്ടത്തിൽ ആഫ്രിക്കൻ കരുത്തൻമാരായ മാലിയാണ് സ്പെയിനിന്റെ എതിരാളികൾ.

ജർമനിയെ നാലു ഗോളിനു വീഴ്ത്തിയ ഇറാനും സാക്ഷാൽ സ്പെയിനും നേർക്കുനേർ വരുമ്പോൾ പോരാട്ടം പൊടിപാറുമെന്ന വിശ്വാസം കൊണ്ടാവണം, ഈ ലോകകപ്പിലെ റെക്കോർഡ് ജനക്കൂട്ടമാണ് സ്പെയിൻ–ഇറാൻ മൽസരം കാണാൻ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിലെത്തിയത്. പരമാവധി 29,000 കാണികളെ കയറ്റാവുന്ന സ്റ്റേഡിയത്തിൽ മൽസരം കാണാനെത്തിയത് 28,436 പേർ! അണ്ടർ 17 ലോകകപ്പു കാണാൻ കൊച്ചിയിലെത്തിയ ഏറ്റവും കൂടിയ ജനക്കൂട്ടം. കാണികൾ കാര്യമായി കൂടിയെങ്കിലും താരതമ്യേന വിരസമായ മൽസരമായിരുന്നു കളത്തിൽ. എതിരാളികൾ കളത്തിൽ ഇല്ലാത്ത തരത്തിലായിരുന്നു ആദ്യപകുതിയിൽ സ്പെയിനിന്റെ കളി. പന്തടക്കത്തിലും പാസ്സിങ്ങിലും ഇറാനേക്കാള്‍ ബഹുദൂരം മുന്നിലായിരുന്ന അവർ, ആദ്യപകുതി തീർത്തും ഏകപക്ഷീയമാക്കി. ഗോളവസരങ്ങൾ ഒരുക്കിയെടുക്കുന്നതിനൊപ്പം പാഴാക്കുന്നതിലും സ്പാനിഷ് താരങ്ങൾ ‘മികവു കാട്ടിയതോടെ’ ആദ്യപകുതിയിൽ പിറന്നത് ഒരേയൊരു ഗോൾ. ക്യാപ്റ്റൻ ആബേൽ റൂയിസിന്റെ വകയായിരുന്നു ഈ ഗോൾ.

എന്നാൽ, രണ്ടാം പകുതിയിൽ കളി മെച്ചപ്പെട്ടു. 60, 67, 70 മിനിറ്റുകളിലായി, 10 മിനിറ്റിനിടെ വീണ മൂന്നു ഗോളുകളാണ് മൽസരത്തിന് ആവേശച്ചുവ നൽകിയത്. ടീമിൽ മാറ്റങ്ങൾ വരുത്തിയും തന്ത്രങ്ങൾ മാറ്റിയും പരിശീലകരും കിണഞ്ഞു ശ്രമിച്ചതോടെ മൽസരം വിരസതയുടെ ട്രാക്കു വിട്ടു. ഗോളവസരങ്ങൾ പതിവുപോലെ കുമിഞ്ഞുകൂടിയെങ്കിലും അവയൊന്നും ലക്ഷ്യത്തിലെത്താതെ പോയതോടെ 3–1ന്റെ വിജയവുമായി സ്പെയിൻ കൊച്ചിയോടു യാത്ര പറഞ്ഞു. നാലു മൽസരങ്ങൾ കളിച്ച് അതിൽ മൂന്നു വിജയവുമായി കൊച്ചിയിൽനിന്നും മടങ്ങുന്ന സ്പെയിനിനു മുന്നിൽ ഇനി കിരീടവഴിയിലുള്ളത് രണ്ടേ രണ്ടു മൽസരങ്ങൾ. രണ്ടു ജയത്തിനപ്പുറം കിരീടവും അവരെ കാത്തിരിക്കുന്നു. ജർമനിയെ നാലു ഗോളിനു വീഴ്ത്തി ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഇറാനാകട്ടെ, സാന്നിധ്യമറിയിച്ചാണ് ഇന്ത്യയിൽനിന്ന് മടങ്ങുന്നത്.

ഗോളുകൾ വന്ന വഴി

സ്പെയിനിന്റെ ഒന്നാം ഗോൾ: മൽസരത്തിന്റെ ഗതിക്കനുസരിച്ച് 13–ാം മിനിറ്റിൽ ആദ്യ ഗോൾ കുറിച്ച് സ്പെയിൻ. ക്യാപ്റ്റന്റെ ആംബാൻഡ് അണിയുന്നതു വെറുതെയല്ലെന്നു വെളിവാക്കി ടീമിന് ലീഡു സമ്മാനിച്ച് ആബേൽ റൂയിസ്. സ്പാനിഷ് താരങ്ങളുടെ മികവിനൊപ്പം ഇറാന്റെ വീഴ്ചയും തുറന്നുകാട്ടിയ ഗോൾ. വലതുവിങ്ങിലൂടെയുള്ള മുന്നേറ്റത്തിനൊടുവിൽ ഇറാന്‍ താരത്തെ കബളിപ്പിച്ച് ഫെറാൻ ടോറസിന്റെ ക്രോസ് ഇറാൻ ബോക്സിലേക്ക്. താഴ്ന്നിറങ്ങിയ പന്ത് സെർജിയോ ഗോമസിലേക്ക്. പോസ്റ്റിനു സമാന്തരമായി പന്തു മറിച്ച സെർജിയോ ഗോമസിനു പിഴച്ചില്ല. ഇറാൻ പ്രതിരോധത്തിലെ താരങ്ങളെ മറികടന്ന് പന്ത് ആബേൽ റൂയിസിലേക്ക്. റൂയിസിന്റെ ആദ്യഷോട്ട് ഇറാൻ താരത്തിന്റെ ദേഹത്തുതട്ടി തെറിച്ചെങ്കിലും പന്തു വീണ്ടും റൂയിസിലേക്കുതന്നെ. ഇത്തവണ റൂയിസിനു പിഴച്ചില്ല. ക്ലോസ് റേഞ്ചർ നേരെ വലയിൽ. സ്കോർ 1–0. ഗാലറിയിൽ സ്പാനിഷ് തിരയിളക്കം.

സ്പെയിനിന്റെ രണ്ടാം ഗോൾ: രണ്ടാം പകുതിക്കു ചൂടേറ്റി സ്പെയിനിന്റെ രണ്ടാം ഗോൾ. 60–ാം മിനിറ്റിൽ സെർജിയോ ഗോമസാണ് ലോങ് റേഞ്ചറിലൂടെ ഇറാന്റെ വല ചലിപ്പിച്ചത്. സ്പാനിഷ് താരങ്ങൾ തുടർച്ചയായി നടത്തുന്ന മുന്നേറ്റങ്ങൾ ഇറാന്‍ ബോക്സിനുള്ളിൽ ലക്ഷ്യം കാണാതെ അവസാനിക്കുന്നതിനിടെയായിരുന്നു അവരുടെ രണ്ടാം ഗോൾ. വലതുവിങ്ങിലെ സ്ഥിരം അപകടകാരി ഫെറാൻ ടോറസിന്റെ പാസിൽനിന്നായിരുന്നു ഗോളിലേക്കുള്ള നീക്കത്തിന്റെ തുടക്കം. ബോക്സിനു വെളിയിൽ സെർജിയോ ഗോമസിലേക്ക് പന്തെത്തുമ്പോൾ ഇറാൻ താരങ്ങളുടെ പ്രതിരോധ വൃത്തത്തിലായിരുന്നു താരം. ഗോമസിന്റെ അടുത്ത നീക്കം എന്തെന്ന് ഗാലറിയൊന്നാകെ കാത്തിരിക്കെ ഇറാൻ പ്രതിരോധത്തെ ഞെട്ടിച്ച് ഗോമസിന്റെ ലോങ്റേഞ്ചർ. അൽപം മുന്നോട്ടു കയറിനിന്ന ഇറാൻ ഗോൾകീപ്പറിന്റെ നിലതെറ്റിച്ച പന്ത് പോസ്റ്റിന്റെ വലതുമൂലയിൽ തുളച്ചു കയറി.

സ്പെയിനിന്റെ മൂന്നാം ഗോൾ: രണ്ടാം ഗോളിന്റെ ചൂടാറും മുൻപേ വീണ്ടും സ്പെയിന്‍ ലക്ഷ്യം കണ്ടു. ആദ്യ ഗോളിനു വഴിയൊരുക്കിയ സെർജിയോ ഗോമസായിരുന്നു രണ്ടാം ഗോളിന്റെ ഉടമയെങ്കിൽ, രണ്ടാം ഗോളിനു വഴിയൊരുക്കിയ ഫെറാൻ ടോറസ് ഇത്തവണ വലകുലുക്കി. മൽസരത്തിനു പ്രായം 67 മിനിറ്റ്. ബോക്സിനു പുറത്തുനിന്ന് മുഹമ്മദ് മൗക്‌ലിസ് നീട്ടിനൽകിയ പന്ത് ഗോളിയുടെ കയ്യിലേക്കാണെന്ന് കരുതിയിരിക്കെ, അപ്രതീക്ഷിതമായി ടോറസിന്റെ രംഗപ്രവേശം. നിരങ്ങിയെത്തിയ ടോറസിനു പിഴച്ചില്ല. പന്തു നേരെ ഇറാൻ വലയിൽ. സ്കോർ 3–0. ഗാലറി ഇളകി മറിഞ്ഞു.

ഇറാന്റെ ആദ്യ ഗോൾ: രണ്ടാം പകുതിയിൽ കൂടുതൽ കരുത്തോടെ കളിച്ച ഇറാന് ആശ്വാസമായി ആദ്യ ഗോൾ. മൽസരത്തിനു പ്രായം 70 മിനിറ്റ്. സ്പെയിനിന്റെ മൂന്നാം ഗോൾ വീണിട്ട് മൂന്നു മിനിറ്റ് പിന്നിടുന്നതേയുള്ളൂ. കൗണ്ടർ അറ്റാക്കുകളിൽ എന്തുകൊണ്ടു തങ്ങൾ അപകടകാരികളാകുന്നുവെന്ന് ഇറാൻ താരങ്ങൾ കളത്തിൽ വെളിവാക്കിയ നീക്കം. ഇറാന്റെ മുന്നേറ്റം തടയാൻ ത്രോ വഴങ്ങിയ സ്പെയിനിനു പിഴച്ചു. ഗോള്‍നീക്കത്തിന്റെ തുടക്കം ഈ ത്രോയിൽനിന്ന്. ബോക്സിലേക്കെത്തിയ പന്തിൽ അൽഹ്യാർ സയ്യാദിന്റെ തകർപ്പൻ ഹെ‍ഡർ. പന്തു വീണത് അൽപം മുൻപു മാത്രം കളത്തിലിറങ്ങിയ സയീദ് കരീമിക്കു മുന്നിൽ. സ്പാനിഷ് ഗോൾകീപ്പർ അൽവാരോ ഫെർണാണ്ടസ് തൊട്ടുമുന്നിൽനിൽക്കെ സയീദിയുടെ ക്ലോസ് റേഞ്ചർ നേരെ വലയിൽ. സ്കോർ 1–3.

സ്പെയിൻ ‘കളം നിറഞ്ഞ’ ആദ്യപകുതി

ഗോളവസരങ്ങൾ ഒട്ടേറെ. ലക്ഷ്യത്തിലെത്തിയത് ഒരേയൊരെണ്ണം. ഇറാൻ–സ്പെയിൻ ക്വാർട്ടർ പോരാട്ടത്തിന്റെ ആദ്യ പകുതി ഇങ്ങനെയായിരുന്നു. 13–ാം മിനിറ്റിൽ ക്യാപ്റ്റൻ ആബേൽ റൂയിസ് നേടിയ ഗോളാണ് യൂറോപ്യൻ ചാംപ്യൻമാർക്ക് ഏഷ്യൻ ശക്തികളായ ഇറാനു മേൽ ലീഡു സമ്മാനിച്ചത്. നാലോളം സുവർണാവസരങ്ങൾ നഷ്ടപ്പെടുത്തിയാണ് സ്പെയിൻ ഒരെണ്ണം മാത്രം ലക്ഷ്യത്തിലെത്തിച്ചത്. അവസരങ്ങൾക്ക് ഗോളിന്റെ ചന്തം ചാർത്താനായിരുന്നെങ്കിൽ കുറഞ്ഞത് നാലു ഗോളിനെങ്കിലും ആദ്യപകുതിയിൽതന്നെ സ്പെയിൻ മുന്നിലെത്തിയേനെ.

പരിതാപകരമായിരുന്നു ആദ്യപകുതിയിൽ ഇറാന്റെ കാര്യം. ജർമനിയെ നാലു ഗോളിനു തോൽപ്പിച്ചതിന്റെ വമ്പൊന്നും സ്പെയിനിനെതിരായ മൽസരത്തിന്റെ ആദ്യപകുതിയിൽ കണ്ടില്ല. ഇറാൻ താരങ്ങൾക്കു പന്തു തൊടാൻ കിട്ടിയതുപോലും വല്ലപ്പോഴും മാത്രം. ആദ്യപകുതിയിൽ 80 ശതമാനത്തിലധികം സമയവും പന്തു സ്പെയിനിന്റെ കൈവശമായിരുന്നു. ആദ്യപകുതിയിൽ സ്പാനിഷ് ഗോൾകീപ്പറിനെ കാര്യമായൊന്നു പരീക്ഷിക്കാൻ പോലും ഇറാനു സാധിച്ചില്ല. പന്ത് ഏറിയപങ്കും ഇറാന്റെ ബോക്സിലും പരിസരങ്ങളിലും കേന്ദ്രീകരിക്കുന്ന കാഴ്ചയായിരുന്നു ആദ്യപകുതിയുടെ ഹൈലൈറ്റ്.

ഇറാൻ ‘സാന്നിധ്യമറിയിച്ച’ രണ്ടാം പകുതി

ആദ്യപകുതിയെ അപേക്ഷിച്ച് ഭേദപ്പെട്ട പ്രകടനമായിരുന്നു രണ്ടാം പകുതിയിൽ ഇറാൻ താരങ്ങളുേടത്. കൂടുതൽ മുന്നേറ്റങ്ങൾ സംഘടിപ്പിച്ചത് സ്പെയിനായിരുന്നെങ്കിലും, ഇത്തവണ ഇറാനും സാന്നിധ്യമറിയിക്കാനായി. കൃത്യമായ ഇടവേളകളിൽ സ്പാനിഷ് ബോക്സിലേക്ക് പന്തെത്തുന്നതും രണ്ടാം പകുതിയിൽ കണ്ടു. ഇറാൻ ‘ഗോൾ അവസരം പാഴാക്കി’ എന്നു പേരിനെങ്കിലും പറയാൻ രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. എന്നാൽ, താരതമ്യേന മന്ദഗതിയിൽ പുരോഗമിച്ച മൽസരം ആവേശത്തിലേക്ക് ഉണർന്നത് പൊടുന്നനെയായിരുന്നു. കളി മാറ്റിയതാകട്ടെ 10 മിനിറ്റിനിടെ വീണ മൂന്നു ഗോളുകളും. ഇതിൽ രണ്ടെണ്ണം സ്പാനിഷ് താരങ്ങൾ സ്വന്തമാക്കിയപ്പോൾ, ഇറാന്റെ വകയായിരുന്നു മൂന്നാമത്തെ ഗോൾ.

62–ാം മിനിറ്റിൽ മുഹമ്മദ് ഗദേരിക്കു പകരം ഇറാൻ കോച്ച് പരീക്ഷിച്ച സയീദ് കരീമിയാണ് അവരുടെ ആശ്വാസഗോൾ നേടിയത്. ഇതുള്‍പ്പെടെ മൂന്നു മാറ്റങ്ങളാണ് ഇറാൻ അവരുടെ നിരയിൽ വരുത്തിയത്. ഹുസൈൻ സാദെയ്ക്കു പകരം മുഹമ്മദ് സർദാരിയും അഹമ്മദ് ജലാലിക്കു പകരം ആമിർ മൊരാദിയും കളത്തിലിറങ്ങി. സ്പാനിഷ് നിരയിലും കോച്ച് രണ്ടു മാറ്റങ്ങൾ വരുത്തി. അന്റോണിയോ ബ്ലാങ്കോയ്ക്കു പകരം ഹോസെ അലൻസോയും സെർജിയോ ഗോമസിനു പകരം അൽവാരോ ഗാർഷ്യയുമിറങ്ങി. കളി തീരാൻ അഞ്ചു മിനിറ്റു ശേഷിക്കെ ആബേൽ റൂയിസിനെ പിൻവലിച്ച് സ്പെയിൻ കോച്ച് പകരം പെഡ്രോയെയുമിറക്കി. പതിവുപോലെ ഗോളവസരങ്ങൾ തുടരെത്തുടരെ സൃഷ്ടിക്കപ്പെട്ടെങ്കിലും അവയിലൊന്നുപോലും ലക്ഷ്യത്തിലെത്താതെ പോയതോടെ 3–1ന്റെ വിജയവുമായി സ്പെയിൻ സെമിയിലേക്ക്. ലോകകപ്പിലെ അവശേഷിച്ച ഏക ഏഷ്യൻ രാജ്യമായ ഇറാൻ പുറത്തേക്കും.