ജിസിഡിഎ മുന്‍ ഭരണ സമിതിയുടെ കാലത്തുയര്‍ന്ന സാമ്പത്തിക ആരോപണങ്ങളെ സാധൂകരിക്കുന്ന വിവരങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ടെന്ന് വിജിലന്‍സിന്റെ പ്രാഥമിക നിഗമനം. ഈ സാഹചര്യത്തില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് വിശദമായി പഠിക്കാന്‍ വിജിലന്‍സ് തീരുമാനിച്ചു. അതേസമയം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഉത്തരവാദികള്‍ എന്ന് ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമായി.
എന്‍.വേണുഗോപാല്‍ ചെയര്‍മാനായിരുന്ന കാലത്ത് ജിസിഡിഎയിലുണ്ടായ സാമ്പത്തിക ക്രമക്കേടുകളെ പറ്റി ഒരു ഡസനിലേറെ പരാതികള്‍ വിജിലന്‍സിന് മുന്നിലുണ്ട്. ലേസര്‍ ഷോയും, കൂട് മല്‍സ്യകൃഷിയും ,ഭൂമി കൈമാറ്റവും ഉള്‍പ്പെടെയുളള പദ്ധതികളെ കുറിച്ചുയര്‍ന്ന സാമ്പത്തിക ആരോപണങ്ങള്‍ വിജിലന്‍സിന്റെ അന്വേഷണ പരിധിയിലുമാണ്. ഇതിനിടെ പരാതികളില്‍ ചിലതിനെ സാധൂകരിക്കും വിധമുളള ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തുവരുന്നത്. ഓഡിറ്റ് റിപ്പോര്‍ട്ടിന്റെ പ്രാഥമിക പരിശോധന പൂര്‍ത്തിയാക്കിയ വിജിലന്‍സ് പരാതികളില്‍ ചൂണ്ടിക്കാട്ടുന്ന കാര്യങ്ങള്‍ ഓഡിറ്റ് റിപ്പോര്‍ട്ടില്‍ കണ്ടെത്തലുകളായി വന്നിട്ടുണ്ടെന്ന് വിലയിരുത്തുന്നു. ഈ സാഹചര്യത്തിലാണ് ഓഡിറ്റ് റിപ്പോര്‍ട്ട് വിശദ പരിശോധനയ്ക്ക് വിധേമാക്കാനുളള തീരുമാനം.
മുന്‍ സെക്രട്ടറി ആര്.ലാലുവടക്കം സാമ്പത്തിക ക്രമക്കേടുകള്‍ക്ക് ഉത്തരവാദികളായ ഇരുപതിലേറെ ഉദ്യോഗസ്ഥരുടെ പേര് വിവരവും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്കെതിരെ നടപടിയെടുക്കുന്ന കാര്യത്തെ കുറിച്ച് സര്‍ക്കാര്‍ മൗനം തുടരുകയാണ്.