ഫിലിപ്പീന്‍സിനു സമീപം പസഫിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിയത് വിലക്ക് മറികടന്ന് നിക്കല്‍ അയിര് കടത്തുന്നതിനിടെ. കപ്പലിന്റെ ക്യാപ്റ്റനും മലയാളിയുമായ രാജേഷ് നായരടക്കം കാണാതായ 11 പേരെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. കപ്പലിന്റെ മൂന്ന് എന്‍ജിനീയര്‍മാരടക്കം 15 പേരെയാണ് രക്ഷിക്കാനായത്.
അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ ദ്രാവകമായി മാറി കപ്പലിന്റെ ബാലന്‍സ് തെറ്റിക്കുന്ന നിക്കല്‍ അയിരിന്റെ കടത്തിനുള്ള നിരോധനം മറികടന്നാണ് ഫിലിപ്പീന്‍സില്‍ നിന്ന് ഇന്തൊനീഷ്യയിേലക്ക് കഴിഞ്ഞ ഞായറാഴ്ച എമറാള്‍ഡ് സ്റ്റാര്‍ യാത്ര പുറപ്പെട്ടത്. കിഴക്കന്‍ ഫിലിപ്പീന്‍സ് കടലില്‍ ഇന്നലെ പുലര്‍ച്ചെ കൊടുങ്കാറ്റില്‍പെട്ട് കപ്പല്‍ ചെരിഞ്ഞ് മുങ്ങുകയായിരുന്നു.
അപകടമുണ്ടാക്കുന്ന കാരണത്താല്‍ തന്നെ നിക്കല്‍ അയിര് കടത്ത് ഇന്തൊനീഷ്യ അടക്കമുള്ള രാജ്യങ്ങള്‍ നിരോധിച്ചിരിക്കുകയാണ്. കാണാതായ ക്യാപ്റ്റന്‍ രാജേഷ് നായര്‍ ഉള്‍പ്പെടെ 11 ഇന്ത്യക്കാരെക്കുറിച്ച് ഇപ്പോഴും സൂചനയില്ല. എന്‍ജിനീയര്‍മാരായ സുരേഷ് കുമാര്‍, അലങ് റാം, കറുപ്പയ്യ രംഗസ്വാമി, ഇലക്ട്രീഷ്യന് സുഭാഷ് ലൂര്‍ദ്സ്വാമി, മുഹമ്മദ് ഇര്ഫാന്, സതീഷ്, റാം കൈലാഷ്, രഞ്ജിത്, ജഗന് ശെല്‍വേന്ദ്രന്‍, കാര്ത്തികേയന്, പ്രകാശ് എന്നിവരടക്കം 15 പേരെയാണ് രക്ഷിച്ചത്.
രണ്ട് ബോട്ടുകളും മൂന്ന്് വിമാനങ്ങളും തിരച്ചില്‍ തുടരുകയാണെന്നും പ്രതികൂല കാലാവസ്ഥ തിരച്ചിലിന് തടസമുണ്ടാക്കുന്നുവെന്നും ജപ്പാന് തീരസംരക്ഷണസേന അറിയിച്ചു. ദുബായ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പലിന്റെ ചുമതല മുംബൈ ആസ്ഥാനമായ വൃദ്ധി മാരിടൈമിനാണ്.