അഞ്ച് ദിവസത്തെ പരോൾ കഴിഞ്ഞ് അണ്ണാ ഡി.എം.കെ മുൻ ജനറൽ സെക്രട്ടറി വി.കെ.ശശികല ഇന്ന് പരപ്പന അഗ്രഹാര ജയിലിലേക്ക് മടങ്ങും. ശശികല താമസിച്ചിരുന്ന ടി.നഗറിലെ ബന്ധു വീട്ടിൽ നിന്നും രാവിലെ ഒമ്പത് മണിയോടെയാണ് ബെംഗളൂരുവിലേക്ക് പുറപ്പെടുക. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള ഭർത്താവ് നടരാജനെ കാണാനാണ് കഴിഞ്ഞ ശനിയാഴ്ച പരോൾ അനുവദിച്ചത്.
കർശന ഉപാധികളോടെയാണ് പരോൾ എന്നതിനാൽ രാഷ്ട്രീയ കൂടിക്കാഴ്ചകളൊന്നും നടന്നില്ല. അതുകൊണ്ട് തന്നെ ശശികലയുടെ വരവ് പ്രവർത്തകർക്കിടയിൽ വലിയ ചലനമുണ്ടാക്കിയില്ല എന്ന ആശ്വാസത്തിലാണ് ഭരണപക്ഷം. അതേ സമയം ദിനകരനടക്കമുള്ള അനുകൂലികളായ നേതാക്കൾക്ക് ആത്മവിശ്വാസം പകർന്നാണ് ശശികല ജയിലിലേക്ക് തിരിച്ചു പോകുന്നത്