വര്‍ഗീയശക്തികളെ നേരിടാന്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണമെന്ന സീതാറാം യച്ചൂരിയുടെ നിലപാടിന് വീണ്ടും തിരിച്ചടി. പാര്‍ട്ടി കോണ്‍ഗ്രസിനുള്ള രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖയില്‍ യച്ചൂരിയുടെ നിലപാട് ഉള്‍പ്പെടുത്തിയില്ല. പിബി അംഗീകരിച്ച രാഷ്ട്രീയപ്രമേയ രൂപരേഖയ്ക്കൊപ്പം യച്ചൂരിയുടെ രേഖ കേന്ദ്രകമ്മിറ്റിക്ക് വിട്ടു. ബംഗാള്‍ ഘടകത്തിന്റെ പിന്തുണയുണ്ടെങ്കിലും കേന്ദ്രകമ്മിറ്റിയില്‍ ഭൂരിപക്ഷമില്ലാത്തതിനാല്‍ കോണ്‍ഗ്രസിനോടുള്ള സിപിഎം സമീപനത്തില്‍ മാറ്റംവരാനുള്ള സാധ്യതമങ്ങി.
ഹൈദരാബാദില്‍ നടക്കുന്ന 22 ാം പാര്‍ട്ടി കോണ്‍ഗ്രസില്‍ കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന നിലപാടിലേക്ക് സിപിഎം പോകണമോയെന്ന ചോദ്യത്തിന് വേണ്ടെന്നാണ് പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. ബിജെപിയെ ചെറുക്കുന്നതിന് കോണ്‍ഗ്രസുമായി തിരഞ്ഞെടുപ്പ് കൂട്ടുകെട്ടാകാമോയെന്ന തര്‍ക്കത്തില്‍ പൊളിറ്റ് ബ്യൂറോയില്‍ ഭൂരിപക്ഷമുള്ള പ്രകാശ് കാരാട്ട് പക്ഷത്തിന് വിജയം. കോണ്‍ഗ്രസുമായി സഖ്യം വേണ്ടെന്നും ഇടതുപക്ഷ െഎക്യം ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്നുമുള്ള കാരാട്ട് പക്ഷത്തിന്റെ നിലപാടിനൊപ്പമാണ് കേരളഘടകവും. ജനറല്‍സെക്രട്ടറി സീതാറാം യച്ചൂരിയും ബംഗാള്‍ ഘടവും കോണ്‍ഗ്രസ് സഖ്യത്തിനായി ശക്തമായി വാദിക്കുന്നു.
കോണ്‍ഗ്രസ് സഖ്യം വേണ്ടെന്ന പിബി അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തിന്റെ രൂപരേഖയ്ക്കൊപ്പം കോണ്‍ഗ്രസുമായി കൈകോര്‍ക്കണമെന്ന യച്ചൂരിയുള്പ്പെടുന്ന ബംഗാള്‍ഘടകത്തിന്റെ രേഖയും ഈമാസം 14 ന് ചേരുന്ന കേന്ദ്രകമ്മിറ്റിയുടെ പരിഗണനയ്ക്ക് വരും. കേന്ദ്രകമ്മിറ്റിയില്‍ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കില്‍ സിപിഎമ്മിന്റെ ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയ പ്രമേയത്തിന്റെ ഉള്ളടക്കത്തെക്കുറിച്ച് നേതൃത്വം രണ്ടുരേഖകള്‍ പാര്‍ട്ടി കോണ്‍ഗ്രസില്‍ വെയ്ക്കുന്ന സാഹചര്യമുണ്ടാകും. കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസിലേതുപോലെ ജനറല്‍സെക്രട്ടറി തന്നെ ബദല്‍രേഖ അവതരിപ്പിക്കുന്നത് ഹൈദരാബാദിലുമുണ്ടാകും.