ബിഡിജെഎസിന് വാതില്‍ തുറന്ന യുഡിഎഫിനെ തള്ളി വെള്ളാപ്പള്ളി നടേശന്. തനിക്കെതിരെ മുന്പുസ്വീകരിച്ച നിലപാടുകള്‍ തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് ഏറ്റുപറയാതെ യുഡിഎഫിലേക്ക് ക്ഷണിച്ചിട്ട് കാര്യമില്ലെന്ന് വെള്ളാപ്പള്ളി കൊല്ലത്ത് മനോരമന്യൂസിനോട് പറഞ്ഞു. സമത്വമുന്നേറ്റയാത്രയെ തകര്‍ക്കാനും തന്നെ ജയിലിലാക്കാനും വി.എം.സുധീരന് ശ്രമിച്ചപ്പോള്‍ മൗനം പാലിച്ചവരാണ് കോണ്‍ഗ്രസ് നേതാക്കളെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി.
ബിഡിജെഎസ് ബിജെപിയുമായി അകലുകയും ഇടതുമുന്നണിയുമായി അടുക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് യുഡിഎഫ് നേതാക്കള്‍ സഖ്യസാധ്യതകള്‍ ആരാഞ്ഞത്. ഇതിനു സമാനമായ ചില പ്രസ്താവനകള്‍ കോണ്‍ഗ്രസിലും ഉണ്ടായി. എന്നാല്‍ വെള്ളാപ്പള്ളി നടേശന് പഴയ ചില കണക്കുകള്‍ ഓര്‍മിപ്പിച്ചാണ് ഇതിനോട് പ്രതികരിച്ചത്.
ബിഡിജെഎസ് യുഡിഎഫിലെത്തണമെന്ന് ഉമ്മന്‍ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ താല്പര്യമുണ്ടാകാം. എന്നാല്‍ തനിക്കെതിരായ പഴയനിലപാടുകള്‍ തെറ്റിയെന്ന് കോണ്‍ഗ്രസ് ഏറ്റുപറയണം. അല്ലാതെ ക്ഷണിച്ചിട്ട് കാര്യമില്ല. തുഷാര്‍ വെള്ളാപ്പള്ളിയുടെ നേതൃത്വത്തില്‍ ബിജെപിയുമായുള്ള തര്‍ക്കം പരിഹരിക്കാന്‍ ശ്രമം തുടരുന്നതിനിടയിലാണ് എല്‍ഡിഎഫ് തന്നെയാണ് ലക്ഷ്യമെന്ന് പരോക്ഷമായി വെളിപ്പെടുത്തി വെള്ളാപ്പള്ളി വീണ്ടും രംഗത്തുവന്നത്.