പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിനെതിരെ നവാസ് ഷെരീഫ് നല്കിയ പുനഃപരിശോധനാ ഹര്‍ജി പാക്കിസ്ഥാന് സുപ്രീംകോടതി തള്ളി. അനധികൃതസ്വത്ത് സമ്പാദിച്ചതായി പാനമ രേഖകളിലൂടെ പുറത്തുവന്നതിനെത്തുടര്‍ന്നാണ് ജൂലൈയില്‍ ഷെരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയത്.
ജനങ്ങളെ വഞ്ചിച്ച ഷെരീഫിന് പ്രധാനമന്ത്രി പദത്തില്‍ തുടരാന്‍ കഴിയില്ലെന്ന നേരത്തെയുള്ള ഉത്തരവ് കോടതി ശരിവെച്ചു. ഷെരീഫിനും മക്കള്‍ക്കുമെതിരെ ക്രിമിനല്‍കേസെടുത്ത് അന്വേഷിക്കണമെന്ന് ജസ്റ്റിസ് ആസിഫ് സെയ്ദ് ഖോസ അധ്യക്ഷനായ അഞ്ചംഗബെഞ്ച് നിര്‍ദേശിച്ചു. മൊസാക് ഫൊന്‍സെക എന്ന സ്ഥാപനം വഴി ഷെരീഫിന്റെ മക്കളായ മറിയം, ഹസന്, ഹുസൈന് എന്നിവര്‍ ലണ്ടനില്‍ വസ്തുവകകള്‍ വാങ്ങിയെന്ന് കണ്ടെത്തിയിരുന്നു.