അടുത്ത ലോക്സഭ തിരഞ്ഞെടുപ്പില്‍ യുപിഎയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകാന്‍ ഒരുക്കമെന്ന് രാഹുല്‍ ഗാന്ധി. പൊതുരംഗത്ത് തന്നെ കഴിവുകെട്ടയാളായി ചിത്രീകരിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബോധപൂര്‍വം ശ്രമിക്കുന്നുണ്ടന്ന് രാഹുല്‍ അമേരിക്കയിലെ ബെര്‍ക്ലിയില്‍ പറഞ്ഞു. മോദിയുടെ ആശയവിനിമയശേഷി മികച്ചതാണെങ്കിലും പാര്‍ട്ടിയിലും മന്ത്രിസഭയിലും ഒപ്പമുള്ളവരുമായി അദ്ദേഹം ആശയവിനിമയം നടത്താറില്ലെന്നും രാഹുല്‍ പരിഹസിച്ചു.
ആദ്യമായാണ് കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി പരസ്യമായി പറയുന്നത്. എന്നാല്‍ സംഘടന തിരഞ്ഞെടുപ്പിലൂടെ മാത്രമെ പദവി ഏറ്റെടുക്കു. രണ്ടായിരത്തി പന്ത്രണ്ടോടെ നേതാക്കള്‍ക്കിടയില്‍ കടന്ന് കൂടിയ ധാര്‍ഷ്ട്യമാണ് കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ തകര്‍ത്തതെന്ന് രാഹുല്‍ ഗാന്ധി തുറന്ന് സമ്മതിച്ചു. വീഴ്ചകള്‍ തിരുത്തി പാര്‍ട്ടി തിരിച്ചുവരും. കൂടുതല്‍ യുവാക്കളെ മുഖ്യധാരയിലേക്കും മുന്നിരയിലേക്കും എത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്നും രാഹുല്‍ പറഞ്ഞു.
രാജ്യത്തെ സമാധാന അന്തരീക്ഷത്തിന് വിള്ളല്‍ വീണെന്ന് മോദി സര്‍ക്കാരിനെ കുറ്റപ്പെടുത്തി രാഹുല്‍ ഗാന്ധി പറഞ്ഞു. സംഘര്‍ഷം ഇന്ത്യയുടെ മുഖ്യധാരയിലേക്ക് വരുന്നത് അപകടകരമാണ്. എതിര്‍ക്കുന്നവരെ രാജ്യത്ത് വെടിവച്ച് കൊല്ലുകയാണ്. വെറുപ്പിന്റെയും വിദ്വേഷത്തിന്റയും രാഷ്ട്രീയം രാജ്യത്തെ ജനങ്ങളെ ഒറ്റപ്പെടുത്തിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
അതേസമയം ഇന്ത്യയെ തരം താഴ്ത്താനാണ് രാഹുല്‍ ഗാന്ധി അമേരിക്കയിലേക്ക് പോയതെന്ന് ബിജെപി കുറ്റപ്പെടുത്തി.