തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയിലെ സമാന്തരപാത ഉടന്‍ തുറക്കുമെന്ന് ജില്ലാ കലക്ടര്‍ എ.കൗശികന്. ടോള്‍ നല്കാതെതന്നെ കാറുകള്‍ക്ക് ഈ വഴി ഉപയോഗിക്കാം. പത്തു ദിവസത്തേയ്ക്കാണ് ഇളവ്. തൃശൂര്‍ പാലിയേക്കര ടോള്‍ പ്ലാസയ്ക്കു സമീപമുള്ള സമാന്തരപാത നേരത്തെ അടച്ചിരുന്നു. ഒന്നരമീറ്ററായിരുന്നു സമാന്തരപാതയുടെ വീതി.
ഇത്, രണ്ടരമീറ്ററാക്കി വര്‍ധിപ്പിച്ച് സമാന്തരപാത ഉടനെ തുറക്കാനാണ് നീക്കം. കഴിഞ്ഞ മേയില്‍ നടന്ന യോഗത്തിലാണ് സമാന്തരപാത തുറക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചത്. ഈ സര്‍ക്കാര്‍ ഉത്തരവിനെതിരെ ടോള്‍ കമ്പനി കോടതിയെ സമീപിച്ചു. എന്നാല്‍ , സര്‍ക്കാര്‍ ഉത്തരവ് കോടതി സ്റ്റേചെയ്തില്ല. ഈ സാഹചര്യത്തിലാണ് സമാന്തര പാത തുറക്കുന്നത്. പത്തു ദിവസത്തിനു ശേഷം ടോള്‍ കമ്പനിയുടെ ഹര്‍ജി വീണ്ടും കോടതി പരിഗണിക്കും. അതുവരെ, സമാന്തര പാത തുറന്നിടും.
ഓണം പ്രമാണിച്ച് ടോള്‍പ്ലാസയില്‍ വാഹനങ്ങളുടെ തിരക്ക് കൂടുതലാണ്. ഈ തിരക്ക് കണക്കിലെടുത്തു കൂടിയാണ് സമാന്തരപാത ഉടന്‍ തുറക്കുന്നത്. ഇരുചക്ര, മുചക്ര വാഹനങ്ങള്‍ക്കും കാറുകള്‍ക്കും ഈ വഴി ഉപയോഗിക്കാം. നാളെ, രാവിലെ തൊട്ട് ഇതു തുറന്നു കൊടുക്കാനാണ് ജില്ലാഭരണകൂടം ആലോചിക്കുന്നത്.