മുതിര്‍ന്ന നേതാവ് ശരദ് യാദവിന് താക്കീതുമായി ജെ.ഡി.യു. നാളെ പട്നയില്‍ നടക്കുന്ന ആര്‍ജെഡി യുടെ റാലിയില്‍ പങ്കെടുത്താല്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് വ്യക്തമാക്കി ജനറല്‍ സെക്രട്ടറി കെ.സി ത്യഗി ശരദ് യാദവിനു കത്തയച്ചു. അതേസമയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിമത പക്ഷം.
വിശാല സഖ്യം ഉപേഷിച്ച് ബിജെപിക്കൊപ്പം പോയതിനെ തുടര്‍ന്ന് പാര്‍ട്ടിയുമായി ഇടഞ്ഞ് നില്‍ക്കുകയാണ് ജെഡിയു മുന്‍ അധ്യക്ഷന്‍ ശരദ് യാദവ്. നിതീഷ് കുമാറിനെഎതിര്ത്ത മറ്റുള്ളവരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയപ്പോള്‍ ശരദ് യാദവിനെ രാജ്യസഭാ നേതൃസ്ഥാനത്ത് നിന്നുമാറ്റുകയാണ് ചെയ്തത്. നിതീഷിനോടിടഞ്ഞ ശരദ് യാദവ് പാര്‍ട്ടിയുടെ എക്സിക്കുട്ടീവ് കമ്മിറ്റിയില്‍ പങ്കെടുക്കാതെ പ്രതിപക്ഷപാര്‍ട്ടി നേതാക്കളുടെ യോഗം വിളിക്കുകയും ചെയ്തു. ഇതിനുപുറമെയാണ് ആര്‍ജെഡി നാളെനടത്തുന്ന റാലിയില്‍ പങ്കെടുക്കുമെന്ന് വ്യക്തമാക്കിയത്. തുടര്‍ച്ചയായി പാര്‍ട്ടി അച്ചടക്കം ലംഘിക്കുന്ന ശരദ് യാദവ് നാളത്തെ റാലിയില്‍ പങ്കെടുത്താല്‍ പുറത്താക്കുമെന്ന് JDU അറിയിച്ചു. മാത്രമല്ല പാര്‍ട്ടിയില്‍ നിന്ന് ശരദ് യാദവ് സ്വയം പുറത്തുപോകാനുള്ള സമ്മര്‍ദ്ദവും പാര്‍ട്ടി നടത്തുന്നുണ്ട്. അങ്ങനെയെങ്കില്‍ ശരദ് യാദവിന്റെ രാജ്യസഭാഗത്വം അസാധുവാകും. അതേസമയം പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പുചിഹ്നം സ്വന്തമാക്കാന്‍ തിരഞ്ഞെടുപ്പുകമ്മീഷനെ സമീപിക്കാനൊരുങ്ങുകയാണ് വിമത പക്ഷം. നിതീഷ് കുമാറിനു ഭൂരിപക്ഷം ഇല്ലെന്നും പതിനാല് സംസ്ഥാന കമ്മിറ്റികളുടെ പിന്തുണയുണ്ടെന്നുമാണ് വിമതപക്ഷത്തിന്റെ അവകാശവാദം.