പി.സി. ജോർജിന്റെ വിരട്ടൽ വനിത കമ്മീഷനോട് വേണ്ടെന്ന് അധ്യക്ഷ എം.സി. ജോസഫൈൻ. അക്രമിക്കപ്പെട്ട നടിക്കെതിരെ മോശം പരാമർശം നടത്തിയതിന് സ്വമേധയാ കേസെടുത്തതിനെ പരിഹസിച്ചതിനുള്ള മറുപടിയായാണ് പ്രതികരണം.
നിയമത്തിന്റെ അടിസ്ഥാനത്തിലാണ് വനിത കമ്മീഷൻ പ്രവർത്തിക്കുന്നത്. ഒട്ടേറെ പ്രമുഖർ കമ്മീഷന് മുന്നിൽ ഹാജരായി മൊഴി നൽകിയിട്ടുണ്ട്. ജനപ്രതിനിധിയായ പി.സി.ജോർജും നിയമം പാലിക്കാൻ ബാധ്യസ്ഥനാണെന്നും വിരട്ടൽ വിലപ്പോവില്ലെന്നും കമ്മിഷൻ പറഞ്ഞു. കമ്മീഷന്റെ അധികാരം എല്ലാർക്കും ബോധ്യമാകുമെന്നും ജോർജിന്റെ സൗകര്യം കൂടി കണക്കിലെടുത്ത് മൊഴി എടുക്കുമെന്നും വാർത്താകുറിപ്പിൽ അറിയിച്ചു.കമ്മീഷൻ വിളിച്ചാലും സൗകര്യമുണ്ടങ്കിൽ മൊഴി നൽകുമെന്നായിരുന്നു പി.സി. ജോർജ് പറഞ്ഞത്.