അസാധുനോട്ടുകള്‍ മാറാന്‍ ഇനി അവസരം നല്‍കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അറിയിച്ചു. കള്ളപ്പണം തടയുകയെന്ന ഉദ്ദേശത്തിന് ഇത് തിരിച്ചടിയാകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് അസാധുനോട്ടുകള്‍ മാറ്റിയെടുക്കാന്‍ വീണ്ടും സമയം അനുവദിച്ചേക്കുമെന്ന് സൂചനകളുണ്ടായിരുന്നു. മതിയായ കാരണങ്ങളുള്ള ജനങ്ങളെ അസാധുനോട്ടുകള്‍ നിക്ഷേപിക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം ചൂണ്ടിക്കാണിച്ചിരുന്നു.
അസാധുനോട്ടുകള്‍ മാറ്റി നല്‍കുന്നതിനായി ജനങ്ങള്‍ക്ക് സമയം അനുവദിക്കണമെന്നും മതിയായ കാരണങ്ങുള്ളവരെ അസാധുനോട്ടുകള്‍ മാറ്റിയെടുക്കുന്നതില്‍ നിന്ന് തടയാനാവില്ലെന്നുമാണ് സുപ്രീം കോടതി അഭിപ്രായപ്പെട്ടത്. ഈ വിഷയത്തില്‍ മറുപടി നല്കാന് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരിനും റിസര്‍വ് ബാങ്കിനും സമയം അനുവദിച്ചിരുന്നു.