കോലഞ്ചേരി സെന്റ് പീറ്റേഴ്സ് ആന്‍ഡ് സെന്റ് പോള്‍സ് പള്ളി തര്‍ക്കത്തില്‍ സുപ്രീംകോടതി ഇന്ന് വിധി പറയും. ജസ്്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരുടെ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
ആയിരത്തിതൊളളായിരത്തി പതിമൂന്നിലെ കരാര്‍ അംഗീകരിച്ച് കോലഞ്ചേരി പളളി ഭരിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് യാക്കോബായ സഭ സുപ്രീംകോടതിയെ സമീപിച്ചത്. ആവശ്യം ജില്ലാ കോടതിയും ഹൈക്കോടതിയും തളളിയതോടെയാണ് യാക്കോബായ സഭ പരമോന്നതിയെ കോടതിയിലെത്തിയത്. ആയിരത്തി തൊളളായിരത്തി തൊണ്ണൂറ്റിയഞ്ചിലെ സുപ്രീംകോടതിയുടെ തന്നെ വിധി ചൂണ്ടിക്കാട്ടിയാണ് ഒാര്‍ത്തഡോക്സ് സഭയുടെ എതിര്‍വാദം. 1934ലെ മലങ്കര സഭാ ഭരണഘടന പ്രകാരം പളളിഭരണം നടത്തണമെന്നായിരുന്നു സുപ്രീംകോടതിയുടെ അന്നത്തെ വിധി. കോലഞ്ചേരിയില്‍ മാത്രമല്ല, തര്‍ക്കം തുടരുന്ന മറ്റ് പളളികളിലും ഇരുസഭകളും അവകാശവാദമുന്നയിച്ചിരുന്നു. ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, അശോക്ഭൂഷന്‍ എന്നിവരുടെ ബെഞ്ചിന് മുന്നിലാണ് കേസില്‍ നേരത്തേ വാദം കേട്ടത്. എന്നാല്‍ ജസ്റ്റിസ് അശോക് ഭൂഷന് കേസു കേള്‍ക്കുന്നതിനെതിരെ യാക്കോബായ സഭ കോടതിയില്‍ പരാമര്‍ശം നടത്തിയതിനെത്തുടര്‍ന്ന് ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, അമിതാവ് റോയ് എന്നിവരടങ്ങിയ ബെഞ്ചിന് വിടുകയായിരുന്നു. ഇതിനിടെ, ഇരുസഭകള്‍ക്കും ആരാധന നടത്താന്‍ അനുമതി നല്കി സുപ്രീംകോടതി ഇടക്കാല ഉത്തരവുമിട്ടു. അവകാശതര്‍ക്കത്തില്‍ ഇന്ന് കോടതി വിധി പറയുന്നതോടെ ആരാധനയുടെ കാര്യത്തിലും തീരുമാനമാകും.