ചാംപ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ആദ്യ സെമി ഫൈനലില്‍ ഇന്ന് ഇംഗ്ലണ്ട് പാകിസ്ഥാന് പോരാട്ടം. മികച്ച ടീമും ഉജ്ജ്വല ഫോമുമായി ഇഗ്ലണ്ട് ഇറങ്ങുമ്പോള്‍ ശ്രീലങ്കയെ തോല്‍പ്പിച്ച ആത്മവിശ്വാസവുമായാണ് പാകിസ്ഥാന് ഇറങ്ങുന്നത്. കാര്‍ഡിഫിലെ സോഫിയാ ഗാര്‍ഡനില്‍ വൈകീട്ട് മൂന്നുമണിക്കാണ് മല്‍സരം
ക്രിക്കറ്റിന്റെ ഈറ്റില്ലമാണ് ഇംഗ്ലണ്ട്. എന്നാല്‍ ടീം ഇംഗ്ലണ്ട് കഴിഞ്ഞ കുറച്ചുകാലം വരെ അലസന്മാരായി ക്രിക്കറ്റ് കളിക്കുന്നവരായിരുന്നു. ഇന്ന് അതില്‍ നിന്ന് അവര്‍ ഏറെ മുന്നേറിയിരിക്കുന്നു. ഏകദിനത്തില്‍ ഒരു കിരീടം നാളുകളായി സ്വപ്നം കാണുന്ന ടീം ഇത്തവണത്തെ ചാംപ്യന്‍സ് ട്രോഫിയില്‍ ലക്ഷ്യത്തിലെത്തുന്ന പ്രതീക്ഷയിലാണ്. ജോ റൂട്ടാണ് ബാറ്റിങ് നിരയില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷ. ജെറാഡ് മോര്‍ഗനും, ജോസ് ബട്ട്ലറും റണ്‍വേട്ടയ്ക്ക് ഒപ്പമുണ്ട്. ബൗളിങ് നിരയില്‍ പേസര്‍ മാരായ ലിയാം പ്ലങ്കറ്റും ജെയ്ക് ബോളും മികച്ച ഫോമിലുണ്ട്. എല്ലാവര്‍ക്കുമുപരി ടീമിന്റെ നെടുംതൂണായി ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ് മുന്നില്‍ നില്ക്കുന്നു. ഫോമില്‍ പിന്നിലായ ഓപ്പണര്‍ ജാസണ്‍ റോയിക്ക് പകരക്കാരനായി ജോണി ബെയര്‍സ്റ്റോ ഇറങ്ങും
ആദ്യമല്‍സരത്തില്‍ ഇന്ത്യയോട് വലിയ തോല്‍വി ഏറ്റുവാങ്ങിയ പാകിസ്ഥാന്റെ നിര്‍ണായക തിരിച്ചുവരവാണ് സെമിയില്‍ എത്തിനില്‍ക്കുന്നത്. കഴിഞ്ഞ മല്‍സരത്തില്‍ ശ്രീലങ്കയെ തോല്‍പ്പിക്കാന്‍ കൂട്ടായ ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദിന്റെ കളിമികവ് തന്നെയാണ് സെമിയിലു പ്രതീക്ഷ. ശോഐബ് മാലിക്കും, മുഹമ്മദ് ഹഫീസും ബാറ്റിങ് നിരയെ ശക്തമാക്കും. മുഹമ്മദ് ആമിര്‍, ഹസന് അലി, ജുനൈദ് ഖാന് തുടങ്ങിയ പേസ് ബോളര്‍ മാരാണ് പാകിസ്ഥാന്റെ തുറുപ്പു ചീട്ടുകള്‍. ഇംഗ്ലണ്ട് ബാറ്റിങ് നിരയിലും പാകിസ്ഥാന്റെ ബോളിങ് നിരയിലുമാണ് ക്രികറ്റ് ലോകം ഉറ്റു നോക്കുന്നത്.