ഐ ടി കമ്പനികള്‍ അന്യായമായി നടത്തുന്ന കൂട്ടപ്പിരിച്ചുവിടല്‍ തടയാന്‍ ഐ.ടി മേഖലയ്ക്ക് പ്രത്യേകമായി തൊഴില്‍ നിയമം വേണമെന്ന ആവശ്യവുമായി ജീവനക്കാര്‍. കൂട്ടപ്പിരിച്ചുവിടലിനെതിരെ കര്‍ണാടക സര്‍ക്കാരിന്റെ ഇടപെടല്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ടെക്കികള്‍. മലയാളികള്‍ നേതൃത്വം നല്കുന്ന സംഘടനയായ ഐടെക്കാണ് ജീവനക്കാരുടെ അവകാശസംരക്ഷണത്തിന് മുന്നിട്ടിറങ്ങിയിരിക്കുന്നത്.
നൂറ് ജീവനക്കാരില്‍ കൂടുതലുള്ള കമ്പനികള്‍ തൊഴിലാളികളെ പിരിച്ചുവിടുമ്പോള്‍ തൊഴില്‍ വകുപ്പിന്റെ അനുമതി വാങ്ങിയിരിക്കണം എന്നതാണ് നിയമം. എന്നാല്‍ വമ്പന്‍ കമ്പനികള്‍ ആയിരത്തിലേറെ ജീവനക്കാരെ ബെംഗളൂരുവില്‍ പിരിച്ചുവിട്ടിട്ടും തൊഴില്‍ വകുപ്പ് ഒന്നും അറിഞ്ഞിട്ടില്ല. കമ്പനികള്‍ക്കെതിരെ നീങ്ങാന്‍ ഇത്രയുംകാലം മടിച്ചുനിന്ന ജീവനക്കാരെ സംഘടിപ്പിച്ച് പോരാടുകയാണ് ഐ.ടി എംപ്ലോയിസ് സെന്റര്‍ അഥവ ഐടെക് എന്ന കൂട്ടായ്മ.
ഇന്ത്യയില്‍ തൊഴില്‍ നിയമങ്ങള്‍ നല്കുന്ന എല്ലാ ആനുകൂല്യങ്ങളും ഐ.ടി ജീവനക്കാര്‍ക്കും ലഭ്യമാക്കുക എന്നതാണ് ഐടെക്കിന്റെ ആവശ്യം. രാജ്യത്ത് ഒരുലക്ഷത്തിമുപ്പതിനായിരം ഐ ടി ജീനവക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുമെന്നാണ് അനൗദ്യോഗിക കണക്ക്. മികച്ചപ്രകടനം നടത്താത്തവരെയാണ് പിരിച്ചുവിടുന്നതെന്ന് കമ്പനികള്‍ പറയുന്നു. എന്നാല്‍ പ്രകടനം വിലയിരുത്തിയപ്പോള്‍ മികച്ച പോയിന്റ് നേടിയവരും പിരിച്ചുവിട്ടവരില്‍ ഉള്‍പ്പെടുന്നു.