പ്രതിപക്ഷ കക്ഷികളല്ല തങ്ങളെന്ന കാര്യം ഇടതുമുന്നണിയിലെ ഘടകകക്ഷികൾ മനസിലാക്കണമെന്നു സിപിഎം പിബി അംഗം പ്രകാശ് കാരാട്ട് അഭിപ്രായപ്പെട്ടു. ജിഷ്ണു പ്രണോയ് അടക്കമുള്ള വിഷയങ്ങളിൽ സിപിഐ നേതാക്കളുടെ നിലപാട് ചൂണ്ടിക്കാണിച്ചപ്പോഴായിരുന്നു കാരാട്ടിന്റെ പ്രതികരണം. തർക്ക വിഷയങ്ങളിൽ സിപിഐ കേന്ദ്ര, സംസ്ഥാന നേതൃത്വവുമായി ചർച്ച നടത്തും. ഡിജിപിയെ മാറ്റാൻ കേന്ദ്ര നേതൃത്വം ആവശ്യപ്പെട്ടുവെന്ന വാർത്തകൾ അടിസ്ഥാന രഹിതമാണ്.
ഉദ്യോഗസ്ഥരെ നിയമിക്കുകയും സ്ഥലം മാറ്റുകയുമൊക്കെ ചെയ്യുന്നതു സർക്കാരാണ്. ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ല.ജിഷ്ണു പ്രണോയ് വിഷയത്തിൽ പാർട്ടിക്കെതിരെ കടന്നാക്രമണം നടത്താനാണ് ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിക്കുന്നത്. ഡിജിപിയെ കാണാനെത്തിയ ജിഷ്ണു പ്രണോയിയുടെ മാതാവ് മഹിജയെ പൊലീസ് തടഞ്ഞ വിഷയത്തിൽ എം.എ. ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് അദ്ദേഹത്തിന്റെ പൊതുഅഭിപ്രായം മാത്രമെന്നും പ്രകാശ് കാരാട്ട് പറഞ്ഞു.