അബദ്ധത്തില്‍ മുറിപൂട്ടി മുറിക്കുള്ളില്‍ കുടങ്ങിയ ഒന്നേമുക്കാല്‍ വയസുകാരനെ ജനാലകമ്പികള്‍ മുറിച്ചു രക്ഷപ്പെടുത്തി. തിരുവനന്തപുരം ആമച്ചലിലാണ് മുറി പൂട്ടി കുടുങ്ങിയ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. ഇന്നലെ വൈകുന്നേരമാണ് സംഭവം.
ആമച്ചല്‍ കാടുവെട്ടുവിളയില്‍ നൂഹ്, സുനില ദമ്പതികളുടെ കുഞ്ഞാണ് വീട്ടിനുള്ളിലെ മുറിക്കുള്ളില്‍ പെട്ടത്. അബദ്ധത്തില്‍ മുറി അകത്ത് നിന്നു പൂട്ടുകയായിരുന്നു. പലവട്ടം വീട്ടുകാര്‍ തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും നടന്നില്ല.
പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടക്കാതായതോടെ ജനാല കമ്പികള്‍ മുറിച്ചു. അതിനുള്ളിലൂടെ ചേച്ചിയെ അകത്തിറക്കി. പൂട്ടു തുറന്നു. പേടിച്ച കുട്ടിക്കുറുമ്പ് അമ്മയുടെ ചാരത്തേക്ക് ഓടിയടുത്തു.