തിരുവനന്തപുരം നഗരത്തിലെ ട്രാഫിക് സിഗ്നലുകള്‍ കണ്ണടച്ചിട്ട് ഒന്നര ആഴ്ച. പലയിടത്തും സിഗ്നൽ ലൈറ്റുകൾ പ്രവർത്തന രഹിതം. പൊതുമരാമത്ത് വകുപ്പിന്‍റെയും കെല്‍ട്രോണിന്‍റെയും അനാസ്ഥയില്‍ നഗരത്തില്‍ പലയിടത്തും അപകടം പതിവാണ്. ഇടയ്ക്ക് സിഗ്നല്‍ തെളിഞ്ഞാല്‍ ടൈമറുകള്‍ കാണിക്കാത്തത് വാഹന യാത്രക്കാരെ വട്ടംകറക്കും. അടുത്തിടെ 5 കോടി രൂപ ചെലവിൽ മീഡിയൻ നവീകരണവും തെരുവ് വിളക്കുകളും എഐ ക്യാമറകളും സ്ഥാപിച്ച റോഡിലാണ് സിഗ്നൽ ലൈറ്റുകൾ കണ്ണടച്ചിരിക്കുന്നത്.
വാഹന യാത്രികരെ നേര്‍ വഴിക്ക് വിടാന്‍ നാടൊട്ടുക്ക് ഗതാഗത പരിഷ്കാരം നടപ്പാക്കി തുടങ്ങിയെങ്കിലും നിങ്ള് നേരെ അങ്ങട് വിട്ടോളീന്‍... എന്ന് പറയും പോലെയാണ് റോഡിലെ സ്ഥിതി. സിഗ്നല്‍ ലൈറ്റുകള്‍ വല്ലപ്പോഴും ഒന്ന് മിന്നിയാലായി. നഗരത്തില്‍ അട്ടക്കുളങ്ങര ജങ്ഷനിലെ സിഗ്നലുകള്‍ ഇടയ്ക്ക് ഇടയ്ക്ക് തെളിയും, പക്ഷെ മണക്കാട് നിന്ന് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങരയില്‍ നിന്ന് കിള്ളിപ്പാലം ഭാഗത്തേക്ക് തിരിയാനുള്ള സിഗ്നല്‍ തെളിയില്ല. അതൊക്കെ ഒരു അഡ്ജസ്റ്റ്മെന്‍റില്‍ അങ്ങ് പോണം.
അട്ടക്കുളങ്ങരയില്‍ അപകടം പതിവാണെന്നാണ് സമീപത്തെ കടയുടമ പറയുന്നു. അനധികൃത പാർക്കിങ് ഉൾപ്പെടെ ഗതാഗത നിയമലംഘനങ്ങൾ മുഴുവൻ ഒപ്പിയെടുക്കുന്ന ക്യാമറകൾ നഗരത്തില്‍ കൃത്യമായി പ്രവർത്തിക്കുമെങ്കിലും സിഗ്നൽ ലൈറ്റുകളുടെ പ്രവർത്തനം തോന്നും പോലെയാണ്.... കിള്ളിപ്പാലം, കരമന മുതല്‍ നേമം വരെയും ഇത് തന്നെയാണ് സ്ഥിതി. കരമന ജങ്ഷനില്‍ സിഗ്നല്‍ ഇല്ലെങ്കിലും പെറ്റിക്ക് കുറവൊന്നുമില്ല. കഴിഞ്ഞ ഒന്നര ആഴ്ചയായി നഗരത്തില്‍ സിഗ്നല്‍ പൂര്‍ണമായും അണഞ്ഞു. മഴയത്ത് സിഗ്നല്‍ വീണാല്‍ അണയുന്നതിന് അങ്ങനെ സമയം ഒന്നുമില്ല. ജല അതോറിറ്റിയുടെ പൈപ്പിലെ വെള്ളം പോലെയാണ്, വല്ലപ്പോഴും ഒന്ന് വന്നാലായി.