തദ്ദേശവാര്‍ഡ് വിഭജനത്തിലൂടെ തലസ്ഥാനം പിടിക്കാന്‍ സി.പി.എമ്മിന്റെ കരുനീക്കം.ഒരു വാര്‍ഡ് കണ്ടെത്താന്‍ നൂറു വാര്‍ഡും വെട്ടിമുറിക്കാനാണ് അണിയറയിലെ നീക്കം. ബി.ജെ.പി വാര്‍ഡുകളില്‍ കത്രിക വീഴുമെന്ന് ഉറപ്പായതോടെ ഹൈക്കോടതി കയറാനാണ് താമരപ്പാര്‍ട്ടിയുടെ തീരുമാനം.
സംസ്ഥാനത്താകെ ഉപതിരഞ്ഞെടുപ്പ് ചൂടാണെങ്കിലും തലസ്ഥാനത്ത് വാര്‍ഡ് വിഭജനത്തിന്റെ പുകപടലമാണ്. നൂറുവാര്‍ഡുകളുള്ള തിരുവനന്തപുരം കോര്‍പറേഷനില്‍ ഒരു വാര്‍ഡ് കൂടി അധികം ചേര്‍ത്താല്‍ മതിയാകും. കൂടുതല്‍ ജനസംഖ്യയുള്ള നാലോ അഞ്ചോ വാര്‍ഡുകള്‍ വെട്ടിമുറിച്ചാല്‍ മതിയാകുമെന്നിരിക്കെ, നൂറു വാര്‍ഡിലും കത്രിക വച്ചിരിക്കുകയാണ് സി.പി.എം.
ഇടത് സര്‍വീസ് സംഘടനാ നേതാക്കള്‍ മാത്രം ഉള്‍പ്പെട്ടതാണ് കോര്‍പറേഷനിലെ15 അംഗ ഡീലിമിേറ്റഷന്‍ സെല്‍.ഇവരുടെ മേല്‍നോട്ടത്തില്‍ തയാറാക്കുന്ന കരട് പട്ടികയില്‍ പ്രതിപക്ഷ വാര്‍ഡുകളിലെ വീടുകളുടെ എണ്ണം കൂട്ടി കൃത്രിമം നടത്തിയെന്നും ആക്ഷേപമുണ്ട്. ഇത് രേഖകള്‍ വച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് ബിജെപിയുടെ നീക്കം. അതേസമയം, വാര്‍ഡ് വിഭജനത്തിലെ രാഷ്ട്രീയകളികള്‍ക്കപ്പുറമാണ് ജനം അനുഭവിക്കാനിരിക്കുന്ന ബുദ്ധിമുട്ട്. വാര്‍ഡ് വിഭജിക്കുന്നതോടെ തലസ്ഥാനത്തെ ആറരലക്ഷം കെട്ടിടങ്ങളുടെ ടി.സി നമ്പര്‍ മാറും. ഓരോ വ്യക്തിയുടെയും ആധാര്‍ കാര്‍ഡ് അടക്കം തിരുത്തി പുതുക്കേണ്ടിവരും. അത് ആയുധമാക്കിയാണ് പ്രതിപക്ഷവും പ്രതിഷേധം കടുപ്പിക്കുന്നത്.
വാര്‍ഡ് വിഭജന കരട് റിപ്പോര്‍ട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ അടുത്തമാസം 18ന് പ്രസിദ്ധീകരിക്കുമെന്നാണ് വിവരം. അന്നേ വെട്ടിമുറിച്ച തലസ്ഥാന ഭൂപടത്തിന്റെ യഥാര്‍ഥ ചിത്രം വ്യക്തമാകൂ.