kilimaram-pandalam

TOPICS COVERED

ചുവടു ദ്രവിച്ചതോടെ പന്തളത്തെ പൈതൃക കിളിമരങ്ങളിൽ ഒന്ന് മുറിച്ചുമാറ്റി.  മരച്ചുവട്ടിൽ വെറ്റിലയും പുകയിലയും വെച്ച് ചടങ്ങുകൾക്ക് ശേഷമാണ് മുറിക്കാൻ തുടങ്ങിയത്. മുൻപ് നൂറുകണക്കിന് ദേശാടനപ്പക്ഷികളുടെ താവളമായിരുന്നു ഈ മാവ്. ഒരു നൂറ്റാണ്ടിലധികമായി പന്തളം ചന്തയ്ക്ക് മുന്നിൽ തണലായി  നിന്ന രണ്ട് മാവുകളിൽ ഒന്നാണ് ഇന്ന് നിലം പതിച്ചത്. മരം മുറിയ്ക്കും മുൻപ് മലയ്ക്ക് വെച്ചൊരുക്ക് എന്ന ചടങ്ങ്. 

 

പത്തുവർഷം മുൻപ് നൂറുകണക്കിന് ദേശാടനപ്പക്ഷികൾ ചേക്കേറിയപ്പോൾ ആദ്യം കൗതുകവും പിന്നെ ശല്യവുമായി. പക്ഷികളുടെ കാഷ്ഠം വീണ് വഴി നടക്കാൻ കഴിയാതായി. മരത്തിന് കീഴിലെ കടകളിൽ ആരും വരാതായതോടെ വ്യാപാരികൾ പരാതി നൽകി മരം വെട്ടാൻ നീക്കം നടന്നു. പക്ഷിവൃക്ഷസ്നേഹികൾ തടഞ്ഞു. കേസ് നീണ്ട് ഹൈക്കോടതി വരെ എത്തിയപ്പോൾ രണ്ടു മാവുകളെയും പൈതൃക മരങ്ങൾ ആയി പ്രഖ്യാപിച്ചു. കിളി ശല്യം ഒഴിവാക്കാൻ  ലക്ഷങ്ങൾ ചെലവിട്ട് വലയിട്ട് സംരക്ഷിച്ചു. അതിനിടെയാണ് ഒരു മാവിൻറെ ചുവട് ദ്രവിച്ചതായി കണ്ടെത്തിയത്. തുടർന്ന് കലക്ടറുടെ നിർദ്ദേശപ്രകാരമാണ് മാവ് വെട്ടിയത്.

രാവിലെ പണി തുടങ്ങി സന്ധ്യയോടെയാണ് മരം വീണത്. മരത്തിൻറെ ചുവടിൻ്റെ പകുതിയോളം ഭാഗം ദ്രവിച്ചിട്ടുണ്ട്. രാസവസ്തു ഒഴിച്ച് മരം ഉണക്കിയതാണെന്ന സംശയം ബാക്കിയാണ്. വലയിട്ട് കിളികളെ അകറ്റിയ ഒരു മാവ് മാത്രമാണ് ഇനി ബാക്കി.