കൊല്ലത്ത് മദ്യവിൽപ്പന ശാലകൾ അടഞ്ഞു കിടക്കുന്ന ദിവസം വീട്ടിൽ മദ്യം വിൽപ്പന നടത്തിയിരുന്നയാൾ എക്സൈസിന്‍റെ പിടിയിലായി. ഇതര സംസ്ഥാനങ്ങളിലോൽ നിന്നു കൊണ്ടുവന്ന മദ്യകുപ്പികൾ ഉയർന്ന വിലയ്ക്കാണ് വില്പന നടത്തിയിരുന്നത്
കൊല്ലം നഗരത്തിൽ ഉളിയക്കോവിൽ വെളുന്തറ കിഴക്കതിൽ വീട്ടിൽ ഷിജു ആണ് എക്സൈസിന്‍റെ പിടിയിലായത്.
കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഗ്ലാഡ്സൺ ഫെർണാണ്ടസിന്‍റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. ഉളിയക്കോവിൽ ഷാപ്പ് മുക്കിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ നാൽപത്തിയൊന്ന് കുപ്പികളാണ് കണ്ടെത്തിയത്. വീട്ടിലെ കിടപ്പുമുറിയിൽ കട്ടിലിന്‍റെ അടിയിൽ ചാക്കിലാണ് മദ്യക്കുപ്പികൾ സൂക്ഷിച്ചിരുന്നത്.
ഇരുപതു ലീറ്റർ പോണ്ടിച്ചേരി മദ്യമാണ് എക്സൈസ് ഉദ്യോഗസ്ഥർ കണ്ടെത്തിയത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊല്ലത്ത് അന്യസംസ്ഥാന മദ്യം എത്തിച്ച് വിൽപ്പന നടത്തുകയായിരുന്നു. നാഷണൽ പെർമിറ്റ് ലോറികളിൽ മൊത്തമായി എത്തിച്ച ശേഷം ചില്ലറ വിതരണക്കാർക്ക് എത്തിക്കുന്നതായിരുന്നു രീതി. ഒന്നിലധികം പേർ ഉൾപ്പെട്ട സംഘത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഇൻസ്പെക്ടർ ബിഎൽ ഷിബു അറിയിച്ചു.