ആലപ്പുഴ വലിയ ചുടുകാട് കമ്യൂണിസ്റ്റുകാരുടെ പുണ്യഭൂമിയാണ്. പുന്നപ്ര -വയലാർ സമരത്തിലെ രക്തസാക്ഷികളും പി.കൃഷ്ണപിള്ള മുതൽ വി എസ് വരെയുള്ള കമ്യൂണിസ്റ്റ് നേതാക്കളും അന്ത്യനിദ്രകൊള്ളുന്ന മണ്ണ്. രണ്ട് കമ്യൂണിസ്റ്റ് പാർട്ടികൾക്കും ഇവിടെ രക്തസാക്ഷി സ്തൂപങ്ങളുണ്ട്. സി പി എമ്മിൻ്റെ രക്തസാക്ഷി മണ്ഡപം നവീകരിച്ച് കൂടുതൽ മനോഹരമാക്കിയിരിക്കുകയാണിപ്പോൾ .
ഹൃദയം കൊണ്ടൊരു അഭിവാദ്യം നേരാതെ ഒരു കമ്യൂണിസ്റ്റ് കാരനും ഇതുവഴി കടന്നുപോകാറില്ല. പി. കൃഷ്ണപിള്ള മുതൽ വി എസ് വരെയുള്ള നേതാക്കൾക്കും പുന്നപ്രയിൽ വെടിയേറ്റു വീണ രക്തസാക്ഷികളുടെ ഇരമ്പുന്ന സ്മരണകൾക്കുള്ള റെഡ് സല്യൂട്ട്. ആലപ്പുഴ നഗരസഭയുടെ സ്ഥലമായിരുന്നു വലിയ ചുടുകാട് . പിന്നീട് രക്തസാക്ഷി മണ്ഡപം നിർമിക്കുന്നതിന് അവിഭക്ത കമ്യൂണിസ്റ്റ് പാർട്ടിക്ക് 50 സെൻ്റ് സ്ഥലം കൈമാറി. ഇവിടെ തല ഉയർത്തി നിൽക്കുന്ന രക്തസാക്ഷി സ്മാരകങ്ങൾ ഇരു കമ്യൂണിസ്റ്റ് പാർട്ടികളുടെയും പേരിലാണ് . കൊല്ലവർഷം 1133 തുലാം ഏഴിന് കമ്യൂണിസ്റ്റ് നേതാവായിരുന്ന ആർ സുഗതന്‍ ശിലയിട്ടത്. 1964ൽ കമ്യൂണിസ്റ്റ് പാർട്ടിയിലെ പിളർപ്പിനെ തുടർന്ന് സിപിഎമ്മും സിപിഐയും പ്രത്യേകം രക്തസാക്ഷി സ്മാരകങ്ങൾ നിർമിച്ചു. സി പി എമ്മിൻ്റെ മണ്ഡപം കൂടുതൽ കലാപരമായി പുതുക്കി പണിതിരിക്കുകയാണ്.
പുന്നപ്ര വയലാർ സമര ചരിത്രവും വലിയ ചുടുകാട്ടിൽ സംസ്കരിച്ച CPM നേതാക്കളുടെ പേരുകളും പ്രത്യേകം സ്ഥലത്ത് രേഖപ്പെടുത്തിയിട്ടുണ്ട്. . പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണം CPM - CPI നേതാക്കളും പ്രവർത്തകരും രണ്ട് മണ്ഡപങ്ങളിലും ഒന്നിച്ച് പുഷ്പാർച്ചന നടത്താറുണ്ട്