അടച്ചുപൂട്ടിയ ഇഷ്ടികക്കളത്തിൽ ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഷെഡിലാണ് പതിറ്റാണ്ടിലേറെയായി ആലപ്പുഴ വള്ളികുന്നം സ്വദേശി 69 കാരനായ കൃഷ്ണൻകുട്ടിയുടെ വാസം. കാറ്റിൽ പറക്കുന്ന ടിൻ ഷീറ്റ് മേഞ്ഞ ഷെഡിലാണ് പാചകം. സംസ്ഥാന സർക്കാരിന്റെ ദാരിദ്ര്യമുക്ത പദ്ധതിയിൽ കൃഷ്ണൻകുട്ടിയ്ക്ക് വസ്തുവും വീടും പ്രഖ്യാപിച്ചെങ്കിലും ഫണ്ടില്ലാത്തതിനാൽ യാഥാർഥ്യമായില്ല.
കുട്ടിക്കാലത്ത് അച്ഛനമ്മമാരെ നഷ്ടപ്പെട്ട കൃഷ്ണൻകുട്ടി ബന്ധുവിന്റെ സംരക്ഷണയിലാണ് വളർന്നത്. സ്കൂൾപഠനം അവസാനിപ്പിച്ച ശേഷം കൃഷ്ണൻകുട്ടി കേരളത്തിൻ്റെ വടക്കൻ ജില്ലകളിൽ ചെറിയ ജോലികൾ ചെയ്ത് ഉപജീവനം കഴിക്കുകയായിരുന്നു. ശാരീരിക ബുദ്ധിമുട്ടുകളെ ജോലി ചെയ്യാൻ വയ്യാതായതോടെ പത്തുവർഷം മുമ്പ് വള്ളികുന്നത്ത് തിരികെയെത്തി.ഇഷ്ടികക്കളങ്ങളിൽ സഹായിയായി തുടരുന്നതിനിടെ രോഗം കടുത്തു. നിതൃവൃത്തിയ്ക്ക് മാർഗമില്ലാതായപ്പോഴാണ് ഇപ്പോൾ താമസിക്കുന്ന പടയണിവെട്ടത്തെ ഇഷ്ടികകമ്പനിയിലെത്തിയത്. ശമ്പളമൊന്നുമില്ലെങ്കിലും അന്തിയുറങ്ങാൻ ഇടം കിട്ടി . കാലിന്റെ വേദനയും നീരും കൂടി നടക്കാൻ കഴിയാതായപ്പോൾകോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ നിർദേശിച്ചെങ്കിലും പണവും കൂട്ടിനാളുമില്ലാത്തതിനാൽ നടന്നില്ല.
കഴിഞ്ഞ വർഷം സർക്കാരിൻ്റെ അതിദാരിദ്ര്യമുക്ത പദ്ധതിയിൽ ഇടംപിടിച്ചെങ്കിലും വാഗ്ദാനം ചെയ്ത വസ്തുവോ വീടോ കൃഷ്ണൻകുട്ടിയ്ക്ക് ലഭിച്ചില്ല. സ്വന്തമായി ഒരൽപ്പം ഭൂമിയുണ്ടായിരുന്നെങ്കിൽ ഷെഡെങ്കിലും കെട്ടി കഴിയാമെന്ന് ആഗ്രഹിക്കുന്ന കൃഷ്ണൻകുട്ടിയുടെ ഇപ്പോഴത്തെ ജീവിതം തീർത്തും ദുരിതത്തിലാണ് ' കാട് മൂടിയ പറമ്പിൽ കാട്ടുപന്നിയുൾപ്പെടെ ക്ഷുദ്ര ജീവികൾക്കിടയിൽ കാറ്റിലോ മഴയിലോ ഏത് നിമിഷവും പൊളിഞ്ഞുവീഴാവുന്ന ഷെഡിലാണ് വാസം. ഇഷ്ടികക്കമ്പനിയിൽ വൈദ്യുതിയില്ലാത്തതിനാൻ മണ്ണെണ്ണ വിളക്കാണ്ആശ്രയം. രോഗങ്ങളും അവശതകളും കൂട്ടിനുള്ള കൃഷ്ണൻകുട്ടിയ്ക്ക് രാത്രിയിലെന്തെങ്കിലും ആവശ്യമുണ്ടായാൽ സഹായത്തിനും ആരുമില്ല.