വിളവെടുപ്പ് കഴിഞ്ഞിട്ട് ആഴ്ചകളായിട്ടും നെല്ല് സംഭരിക്കാത്തതോടെ കുട്ടനാട്ടെ കര്‍ഷകര്‍ ദുരിതത്തില്‍. ഉപ്പുവെള്ള ഭീഷണിയെ തുടർന്ന് വേണ്ടത്ര വിളവ് ലഭിക്കാത്തതിനാൽ ചില പാടശേഖരങ്ങളിൽ കർഷകർ കൊയ്ത്ത് ഉപേക്ഷിക്കുകയും ചിലയിടങ്ങളിൽ നെല്ലിന് തീയിടുകയും ചെയ്തു. വേനൽ മഴ ഭീഷണിയും കർഷകരെ ആശങ്കയിലാക്കുകയാണ്. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് കർഷകർ പുഞ്ച സ്പെഷൽ ഓഫീസിനു മുന്നിൽ പ്രതിഷേധിച്ചു.
കൃഷി ചെയ്താൽ മാത്രം പോരാ സംഭരിക്കാനും വില കിട്ടാനും സമരം കൂടി ചെയ്യേണ്ട ഗതികേടിലാണ് കുട്ടനാട്ടിലെ നെൽകർഷകർ. കോട്ടയം, ആലപ്പുഴ പത്തനംതിട്ട ജില്ലകളിലെ കൃഷി ഓഫീസുകൾക്കു മുന്നിലും പാഡി മാർക്കറ്റിങ് ഓഫിസുകൾക്കു മുന്നിലും നിരവധി സമരങ്ങൾ നടത്തിയെങ്കിലും സർക്കാരിന് അനക്കമില്ല. കൊയ്ത്ത് പൂർത്തിയായി ആഴ്ചകൾ പിന്നിട്ടിട്ടും സംഭരണം പൂർത്തിയായില്ല. മന്ത്രിമാർ നൽകിയ ഉറപ്പുകൾ എല്ലാം പാഴായി. ഒടുവിൽ വീണ്ടും സമരവുമായി പുഞ്ച സ്പെഷൽ ഓഫിസിനു മുന്നിൽ കർഷകർ എത്തി.
സിവിൽ സപ്ലൈസ് - കൃഷി വകുപ്പുകളുടെ ഇടപെടൽ കാര്യക്ഷമമായില്ലെന്ന പരാതിയാണ് കർഷകർക്കുള്ളത്. സംഭരണം നടത്തിയപ്പോൾ ക്വിന്‍റ്ലിന് 25 കിലോവരെ നെല്ല് കിഴിവായി കൊടുക്കേണ്ടി വന്ന നൂറുകണക്കിന് കർഷകരുണ്ട്. ഉപ്പുവെള്ള ഭീഷണിയെ തുടർന്ന് നൂറുകണക്കിന് ഏക്കർ പാടശേഖരങ്ങളിൽ നെൽച്ചെടികൾ ഉണങ്ങി നശിച്ചു. വിളവ് നാമമാത്രമായതിനാൽ ആലപ്പുഴ, കോട്ടയം ജില്ലകളിലെ പല പാടശേഖരങ്ങളിലും കൊയ്ത്ത് ഉപേക്ഷിച്ചു. ചില കർഷകർ നെല്ല് തീയിട്ടു നശിപ്പിച്ചു. ഉപ്പുവെള്ളം കാരണം കൃഷി നശിച്ചവർക്ക് നഷ്ടപരിഹാരവും പ്രഖ്യാപിച്ചിട്ടില്ല. പുഞ്ച കൃഷിയുടെ സംഭരണം അടക്കമുള്ളവയിൽ പ്രതിസന്ധി തുടരുമ്പോളാണ് രണ്ടാം കൃഷിക്കുള്ള പമ്പിങ്ങ് നടപടികൾ ആരംഭിച്ചിരിക്കുന്നത്.