നെടുമ്പ്രം കുടുംബശ്രീ സിഡിഎസില്‍ നടന്ന 69 ലക്ഷം രൂപയുടെ ഫണ്ട് തട്ടിപ്പില്‍ അന്വേഷണമാവശ്യപ്പെട്ട് പഞ്ചായത്ത് പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. സിഡിഎസ് ചെയര്‍പേഴ്സന്‍ പി.കെ.സുജ, അക്കൗണ്ടന്‍റ് സീനാമോള്‍, മുന്‍ വിഇഒ വിന്‍സി എന്നിവര്‍ക്കെതിരെയാണ് പ്രസിഡന്‍റ് ടി. പ്രസന്നകുമാരി പരാതി നല്‍കിയത്. കേസന്വേഷണം അട്ടിമറിക്കാന്‍ ഭരണസമിതി ശ്രമിക്കുന്നെന്ന വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് പഞ്ചായത്തിന്‍റെ ചടുലനീക്കം.
കുടുംബശ്രീ ജില്ലാ മിഷന്‍ ഓഡിറ്റ് വിഭാഗം നടത്തിയ പരിശോധനയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് പുറത്തുവന്നതിന് പിന്നാലെ കുറ്റക്കാര്‍ക്കെതിരെ നിയമനപടി സ്വീകരിക്കാന്‍ സിഡിഎസ് കമ്മിറ്റിയും പൊതുസഭയും തീരുമാനിച്ചിരുന്നു. തിങ്കളാഴ്ച പരാതി നല്‍കാമെന്ന് പഞ്ചായത്ത് കമ്മിറ്റിയും ഉറപ്പുനല്‍കി. എന്നാല്‍ പരാതി നല്‍കാന്‍ വൈകിപ്പിച്ച് ഭരണസമിതി കുറ്റക്കാരെ സംരക്ഷിക്കുകയാണെന്ന് പ്രതിപക്ഷം ആരോപണമുയര്‍ത്തി. ഇതോടെയാണ് ഒരു ദിവസം മുന്നേ പൊലീസിനെ സമീപിച്ച് പഞ്ചായത്ത് വിവാദങ്ങളില്‍നിന്ന് തലയൂരിയത്. പണാപഹരണം, വഞ്ചനാക്കുറ്റം, വ്യാജരേഖ ചമക്കല്‍ എന്നീ കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരാതി. ജില്ലാ മിഷന്‍റെ ഓഡിറ്റ് റിപ്പോര്‍ട്ടും പഞ്ചായത്ത് പ്രസിഡന്‍റ് പൊലീസ് സ്റ്റേഷനില്‍ സമര്‍പ്പിച്ചു. അതേസമയം സിപിഎം നേതാക്കള്‍ക്കും പങ്കുണ്ടെന്നാരോപിച്ച് വിജിലന്‍സ് അന്വേഷണം ആവശ്യപ്പെടാനൊരുങ്ങുകയാണ് പ്രതിപക്ഷം.
Thiruvalla Nedubram kudumbasree scam