'പ്ളാസ്റ്റിക്കിനെ ഉപേക്ഷിക്കണം'; ബോധവല്‍ക്കരണത്തിനൊപ്പം വീടുകളില്‍ തുണി സഞ്ചിയും നല്‍കി പുനലൂര്‍ നഗരസഭ

പ്ളാസ്റ്റിക്കിനെ ഉപേക്ഷിക്കണമെന്ന ബോധവല്‍ക്കരണത്തിനൊപ്പം എല്ലാ വീടുകളിലേക്കും തുണി സഞ്ചി എത്തിക്കുകയാണ് കൊല്ലം പുനലൂര്‍ നഗരസഭ. കുടുംബശ്രീ മിഷന്റെ വസ്ത്ര നിര്‍മാണ യൂണിറ്റിലാണ് തുണി സഞ്ചി തയാറാക്കിയത്.

കടയിലും ചന്തയിലുമൊക്കെ എത്തി സാധനങ്ങള്‍ വാങ്ങാന്‍ പ്ലാസ്റ്റിക് കൂടുകള്‍ക്ക് പകരം തുണി സഞ്ചി മതി. ഏറെ നാളായുളള ബോധവല്‍ക്കരണമൊക്കെ തുടരുമ്പോഴും ഇനി എല്ലാ വീടുകളിലേക്കും പ്ളാസ്റ്റിക്കിന് പകരം തുണി സഞ്ചി നല്‍കുകയാണ് പുനലൂര്‍ നഗരസഭ.  നഗരസഭയുടെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി എട്ടുലക്ഷം രൂപ ചെലവഴിച്ച് 35 വാര്‍ഡുകളിലേക്ക് 28,000 സഞ്ചിയാണ് ക്രമീകരിച്ചത്. ഒരു കുടുംബത്തിന് വലുതും ചെറുതുമായി രണ്ടു സഞ്ചികള്‍ വീതം. ഓരോ വാര്‍ഡിലേക്കും 800 സഞ്ചി എന്നാണ് കണക്ക്. കുടുംബശ്രീ മിഷന്റെ വസ്ത്ര നിര്‍മാണ യൂണിറ്റായ പുനലൂരിലെ പ്രിമേറോ അപ്പാരല്‍ പാര്‍ക്കിലാണ് തുണി സഞ്ചി തയാറാക്കിയത്.

     

പുനലൂർ നഗരസഭയും കുടുംബശ്രീ മിഷനും ചേര്‍ന്ന് 2019 ഫെബ്രുവരിയില്‍ ആരംഭിച്ച അപ്പാരല്‍ പാര്‍ക്കിന് തുണിസഞ്ചി പദ്ധതി നേട്ടമായി. 50 സ്ത്രീകളാണ് തുന്നല്‍ ജോലിയിലുളളത്.

Kollam Punalur Municipal Corporation is delivering cloth bags to every house