
ആലപ്പുഴയില്‍ ചെമ്മീന്‍ തൊഴിലാളികളുടെ സമരം കൊല്ലത്തെ മല്‍സ്യത്തൊഴിലാളികളെയും ബോട്ട് ഉടമകളെയും സാരമായി ബാധിച്ചു. ശക്തികുളങ്ങര ഹാര്‍ബറില്‍ ചെമ്മീന്‍ ലേലത്തിനെടുക്കാന്‍ കച്ചവടക്കാരില്ല. ചെമ്മീന്‍ കുറഞ്ഞവിലയ്ക്ക് വിറ്റഴിക്കുകയോ, ഉപേക്ഷിക്കുകയോ ചെയ്യുകയാണെന്ന് മല്‍സ്യത്തൊഴിലാളികള്‍ പറഞ്ഞു.
ശക്തികുളങ്ങര ഹാര്‍ബറിലെ ജെറാള്‍ഡിനെപ്പോലെ നിരവധിപേരാണ് പ്രതിസന്ധിയിലായത്. ഹാര്‍ബറില്‍ ആര്‍ക്കും വേണ്ടാതെ കൂട്ടിയിട്ടിരിക്കുന്ന ചെമ്മീന്‍ ഒരുവശത്ത് കിടക്കുന്നു. ലേലം വിളിച്ചെടുക്കാന്‍ ആരുമില്ല. വലിയബോട്ടുകളില്‍ കൊണ്ടുവന്ന ടണ്‍ കണക്കിന് ചെമ്മീന് കുറഞ്ഞവിലയാണ് ലഭിച്ചത്. പന്ത്രണ്ടുകുട്ട ചെമ്മീന് ശരാശരി ഇരുപതിനായിരത്തിന് മുകളില്‍ ലഭിക്കേണ്ടതാണ്. ആറായിരത്തിനൊക്കെ വിറ്റഴിക്കേണ്ടുന്ന സ്ഥിതി.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ, കാര്‍ത്തികപ്പളളി താലൂക്കുകളില്‍ ചെമ്മീന്‍ പീലിങ്് ചാര്‍ജുമായി ബന്ധപ്പെട്ട് ഒരാഴ്ചയിലേറെയായി തൊഴിലാളികള്‍ സമരത്തിലാണ്. ഇതിന് പിന്നാലെ കച്ചവടക്കാരുടെ സംഘടനയായ പ്രോണ്‍സ് പീലിങ് ഒാണേഴ്സ് ഫെഡറേഷനും സമരം പ്രഖ്യാപിച്ചതാണ് കൊല്ലത്തെ മല്‍സ്യത്തൊഴിലാളികളെയും ബോട്ട് ഉടമകളെയും സാരമായി ബാധിച്ചത്.
പീലിങ് വേതനവര്‍ധനയുമായി ബന്ധപ്പെട്ട് തൊഴിലാളികള്‍ കച്ചവടക്കാരുമായി കഴിഞ്ഞ പതിനൊന്നിന് ചര്‍ച്ച നടത്തിയതാണ്. എന്നിട്ടും തൊഴിലാളികളില്‍ ഒരുവിഭാഗം സമരം ചെയ്തതാണ് കച്ചവടം നിര്‍ത്തിവയ്ക്കാനുളള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പീലിങ് ഒാണേഴ്സ് ഫെഡറേഷന്‍ പറയുന്നു. പരിഹാരം ഉണ്ടായില്ലെങ്കില്‍ കടലില്‍ നിന്ന് ചെമ്മീനുമായി എത്തുന്ന ബോട്ടുടമകള്‍ക്കാണ് വലിയ നഷ്ടം.