കാട്ടാനകളെ തുരത്തുന്നതില്‍ തീരുമാനമായില്ല; മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കും

idukki-06
SHARE

ഇടുക്കി ചിന്നക്കനാല്‍, ശാന്തന്‍പാറ മേഖലകളിലെ പ്രശ്നക്കാരായ കാട്ടാനകളെ തുരത്തുന്നതില്‍ തീരുമാനമായില്ല. വനം വകുപ്പ് ചീഫ് വെറ്റിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയയാണ് അന്തിമ തീരുമാനം എടുക്കുക. അതേസമയം, കാട്ടാനകളെ മയക്കുവെടി വെച്ച് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ തീരുമാനിച്ചു. 

വനംവകുപ്പ്, ആര്‍ ആര്‍ ടി, റവന്യൂ, പൊലീസ്, ഫയര്‍ ആന്‍റ് റെസ്ക്യൂ ഉദ്യോഗസ്ഥരുടെ മൂന്നാറില്‍ നടന്ന യോഗത്തിലാണ് റേഡിയോ കോളര്‍ ഘടിപ്പിക്കാന്‍ തീരുമാനമായത്. റേഡിയോ കോളര്‍ ഘടിപ്പിച്ചാല്‍ ആനയുടെ സഞ്ചാരം ട്രാക്ക് ചെയ്ത് ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കാമെന്നതാണ് ഗുണം.. ആനകളെ തുരത്തുന്നതില്‍ ഈ മാസം പതിമൂന്നിന് ഡോ. അരുണ്‍ സക്കറിയ എത്തിയതിന് ശേഷമേ തീരുമാനം ഉണ്ടാകൂ.. ആനകളെ മതികെട്ടാന്‍ ചോലയിലേക്ക് തുരത്തി ഓടിക്കണമെന്നും, ആക്രമണം തുടര്‍ന്നാല്‍ മയക്കുവെടി വെച്ച് പിടികൂടണമെന്നുമാണ് ഇന്ന് ഉയര്‍ന്ന നിര്‍ദേശങ്ങള്‍.

കൂടുതല്‍ സ്ഥലങ്ങളില്‍ ഹൈമാസ്റ്റ് ലൈറ്റുകള്‍ സ്ഥാപിക്കാനും, ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ ആനകള്‍ നില്‍ക്കുന്ന സ്ഥലത്തെ കുറിച്ച് അറിയിപ്പ് നല്‍കാന്‍ എല്‍ ഇ ഡി സ്ക്രീനുകള്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, വയനാട്ടില്‍ നിന്നെത്തിയ ദ്രുതകര്‍മ സേന ആനകളെ നിരീക്ഷിക്കുന്നത് തുടരും. ആനകളുടെ സഞ്ചാരപാത, നിലനില്‍ക്കുന്ന സ്ഥലം, ശരീരഭാരം തുടങ്ങിയ വിവര ശേഖരണം അഞ്ചുദിവസത്തിനകം പൂര്‍ത്തിയാക്കും.

elephant attack on santhanpara chinnakanal area

MORE IN SOUTH
SHOW MORE