പൈതൃക മരങ്ങളില്‍ വലയിട്ടു; ദേശാടനപ്പക്ഷി ശല്യത്തില്‍ നിന്ന് രക്ഷതേടി നഗരസഭ

pandalam-tree
SHARE

പത്തനംതിട്ട പന്തളത്ത് ദേശാടനപ്പക്ഷി ശല്യത്തില്‍ നിന്ന് രക്ഷപെടാന്‍ പൈതൃക മരങ്ങളില്‍ വലയിട്ട് നഗരസഭ. സംസ്ഥാനത്ത് ഇത്ര ഉയരമുള്ള മരങ്ങളില്‍ വലയിടുന്നത് ആദ്യമായാണെന്ന് നഗരസഭ പറയുന്നു. സീസണ്‍ കാലത്ത് ദേശാടനപ്പക്ഷികള്‍ നിറയുന്നതോടെ കാഷ്ടം കാരണം കച്ചവടക്കാര്‍ക്കും നാട്ടുകാര്‍ അതുവഴി നടക്കാനാവാത്ത സാഹചര്യം ആയിരുന്നു. വലയിടാനുള്ള ആദ്യ രണ്ടുശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു. 

പന്തളം മാവേലിക്കര റോഡില്‍ ചന്തയ്ക്കു സമീപത്തെ രണ്ട് മാവുകള്‍ക്ക് നൂറു വര്‍ഷത്തിലധികം പഴക്കമുണ്ട്. ആയിരക്കണക്കിന് ദേശാടനപ്പക്ഷികളാണ് രണ്ട് മാവിലും സമീപത്തെ പാലയിലുമായി കൂടുകൂട്ടി മുട്ടയിടുന്നത്. മുട്ടയിട്ട് വിരിഞ്ഞ ശേഷമേ ഇവ തിരിച്ചു പോകൂ. താഴെയുള്ള കടകളില്‍ ഇക്കാലത്ത് ആരും കയറില്ല. താഴെയുന്ന വാഹനങ്ങള്‍ നശിക്കും. കാല്‍നടയാത്രക്കാര്‍ക്കും ദുരിതം. മരങ്ങള്‍ വെട്ടാനുള്ള നീക്കം വൃക്ഷ, പക്ഷി സ്നേഹികള്‍ തടഞ്ഞു. ഹൈക്കോടതി തന്നെ പൈതൃകമരമായി പ്രഖ്യാപിച്ചു. ശിഖരങ്ങള്‍ കോതിയതും വിവാദമായി. ഒടുവിലാണ് വലയിട്ട് മരങ്ങള്‍ സംരക്ഷിക്കാന്‍ തീരുമാനിച്ചത്. 

അപകടകരമായിരുന്നു ദൗത്യമെന്ന് വലയിടുന്ന കരാറുകാരന്‍ പറയുന്നു. 85 അടി ഉയരമുള്ള മാവ്. 60 മീറ്റര്‍ ചുറ്റളവുള്ള വലവിരിക്കാന്‍ അഞ്ചു ദിവസം വേണ്ടി വന്നു. പക്ഷികളോട് ചെയ്യുന്ന ദ്രോഹമാണ് ഇതെന്ന് ഒരു വിഭാഗം ആരോപിക്കുന്നുണ്ട് . ചില വ്യാപാരികളെ സംരക്ഷിക്കാനാണ് നഗരസഭ ഇങ്ങനെ ചെയ്യുന്നതെന്നാണ് വിമര്‍ശനം. മരങ്ങള്‍ സംരക്ഷിക്കാന്‍ മറ്റൊരു വഴിയില്ലെന്ന് നഗരസഭയും പറയുന്നു. വലയില്‍ കുരുങ്ങി പക്ഷികള്‍ക്ക് അപകടമുണ്ടായാല്‍ ശക്തമായ പ്രതിഷേധമുണ്ടാകുമെന്നാണ് പ്രകൃതി സ്നേഹി സംഘടനകളുടെ നിലപാട്.

MORE IN SOUTH
SHOW MORE