ഊരൂട്ടമ്പലത്തെ സര്‍ക്കാര്‍ യുപി സ്കൂൾ ഇനി അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂൾ

panchamischool-06
SHARE

പിന്നാക്ക വിഭാഗങ്ങളുടെ  വിദ്യാഭ്യാസത്തിനായുളള  പോരാട്ട ചരിത്രമുറങ്ങുന്ന തിരുവനന്തപുരം ഊരൂട്ടമ്പലത്തെ സര്‍ക്കാര്‍ യുപി സ്കൂളിനെ  അയ്യങ്കാളി പഞ്ചമി സ്മാരക സ്കൂളെന്ന് പുനര്‍ നാമകരണം ചെയ്തു. സവർണ വിഭാഗം അക്ഷരം നിഷേധിച്ച പഞ്ചമിയെന്ന ദലിത് ബാലികയുടേയും  നടപടി ചോദ്യം ചെയ്ത സാമൂഹിക പരിഷ്കര്‍കര്‍ത്താവ് അയ്യങ്കാളിയുടേയും സ്മാരകമായാണ് സ്കൂളിന് പുതിയ പേരിട്ടത്. ചരിത്രത്തെ ഒരു പ്രത്യേക വിഭാഗത്തിന്റേതു മാത്രമായി മാറ്റാൻ രാജ്യത്ത് ഗൂഢ ശ്രമം നടക്കുന്നുവെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

അയ്യങ്കാളിയുടെ കൈപിടിച്ച് തലയെടുപ്പോടെ പഞ്ചമി .... വില്ലുവണ്ടിയുടെ പശ്ചാത്തലത്തില്‍ സ്കൂള്‍ മുറ്റത്തെ മനോഹര കാഴ്ച. പിന്നാക്ക വിഭാഗക്കാരിയായ പഞ്ചമിക്ക് കണ്ടല കുടിപളളിക്കൂടം എന്നറിയപ്പെട്ടിരുന്ന ഊരൂട്ടമ്പലം സ്കൂളില്‍ പ്രവേശനം നിഷേധിക്കപ്പെട്ടു. വിവരമറിഞ്ഞെത്തിയ അയ്യങ്കാളി പഞ്ചമിയുമായി സ്കൂളില്‍ പ്രവേശിക്കാന്‍ എത്തിയതോടെ സംഘര്‍ഷമായി, ഒരു സംഘം സ്കൂളിന് തീയിട്ടു. 

ഒരു വര്‍ഷത്തോളം നീണ്ട സമരങ്ങള്‍ക്ക് ഒടുവില്‍ പഞ്ചമി ഉള്‍പ്പെടെ ദലിത് വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ പ്രവേശനം ലഭിച്ചു. ഒരു നൂറ്റാണ്ടിനിപ്പുറം അതേ പഞ്ചമിയുടെ പേരില്‍ തലയുയര്‍ത്തി നവീകരിച്ച സ്കൂള്‍...അതിനുളളില്‍ വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന്റെ നിത്യ സ്മാരകമായി പഞ്ചമി ഇരുന്ന ബഞ്ച്. രാജ്യത്തെ സമരങ്ങളെ ചരിത്രത്തിൽ ‍നിന്ന് നീക്കാന്‍  ശ്രമം നടക്കുന്ന കാലഘട്ടത്തിൽ ജാതി വിവേചനത്തിനെതിരെ പടനയിച്ച അയ്യങ്കാളിയുടെ സ്മരണ കെടാതെ കാക്കണമെന്ന് മുഖ്യമന്ത്രി. 

എല്‍ പി യുപി സ്കൂള്‍ മന്ദിരങ്ങള്‍ ആധുനിക രീതിയില്‍ നവീകരിച്ചു. കോരിച്ചൊരിയുന്ന മഴയേപ്പോലും അവഗണിച്ച് ആയിരങ്ങളാണ് സ്കൂളിന്റെ പുനര്‍നാമകരണ ചടങ്ങിനെത്തിയത്. 

MORE IN SOUTH
SHOW MORE