മാവേലിക്കര താലൂക്ക് സഹകരണ ബാങ്ക് തട്ടിപ്പ്; ഏകദിന സത്യാഗ്രഹവുമായി സുരേഷ് ഗോപി

suresh-gopi
SHARE

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിലെ തട്ടിപ്പിൽ സമരം കടുപ്പിച്ച് നിക്ഷേപകർ. നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര താരം സുരേഷ് ഗോപി നിക്ഷേപകർക്കൊപ്പം ഏകദിന സത്യാഗ്രഹം അനുഷ്ഠിച്ചു. സംസ്ഥാനത്തെ സഹകരണ തട്ടിപ്പുകളിൽ നിക്ഷേപകർക്ക് നീതി ലഭിച്ചില്ലെങ്കിൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുമെന്ന് സുരേഷ് ഗോപി മുന്നറിയിപ്പു നൽകി. 

മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൽ തട്ടിപ്പിനിരയായ നിക്ഷേപകർ ആറു വർഷമായി നടത്തുന്ന സമരം കൂടുതൽ തീവ്രമായി. നിക്ഷേപകർക്ക് പിന്തുണയുമായി ചലച്ചിത്ര താരം സുരേഷ് ഗോപി ബാങ്കിനു മുന്നിൽ സത്യാഗ്രഹമിരുന്നു. ബി ജെ പി നേതൃത്വത്തിലാണ് സമരം സംഘടിപ്പിച്ചത്. നിക്ഷേപകർക്കൊപ്പം നൂറുകണക്കിന് ബി ജെ പി പ്രവർത്തകരും സമരത്തിൽ പങ്കെടുത്തു.കേരളത്തിലെ സഹകരണ മേഖലയിൽ നടക്കുന്നത് നരബലി ആണെന്ന് സുരേഷ് ഗോപി. നിക്ഷേപകർക്ക് പണം തിരികെ ലഭിക്കാത്ത സാഹചര്യമുണ്ടായാൽ കേന്ദ്ര സർക്കാർ ഇടപെടലുണ്ടാകുമെന്ന മുന്നറിയിപ്പും സുരേഷ് ഗോപി നൽകി. 

2016ൽ മാവേലിക്കര താലൂക്ക് സഹകരണ ബാങ്കിൻ്റെ തഴക്കര ശാഖയിലാണ് തട്ടിപ്പ് കണ്ടെത്തിയത്.36 കോടിയുടെ തട്ടിപ്പാണ് പ്രാഥമിക പരിശോധനയിൽ തെളിഞ്ഞത്.വിശദമായ പരിശോധനയിൽ ഇതിൻ്റെ ഇരട്ടിയോളം തുകയുടെ തട്ടിപ്പു നടത്തിയതായി ബോധ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിലുൾപ്പെടെ നിക്ഷേപകർ വിവിധ മാർഗങ്ങളിൽ പ്രതിഷേധങ്ങൾ സംഘടിപ്പിച്ചു ഏറ്റവുമൊടുവിൽ രണ്ടു ദിവസം ബാങ്ക് അടയ്ക്കാൻ അനുവദിക്കാതെ രാത്രികാല സമരവും നടത്തി.

MORE IN SOUTH
SHOW MORE