പഞ്ചായത്തുകള്‍ തമ്മില്‍ തര്‍ക്കം; അറ്റകുറ്റപ്പണി നടത്തുന്നില്ല; ജങ്കാർകടവ് അപകടാവസ്ഥയിൽ

bridge
SHARE

കൊല്ലം പെരുമൺ ജങ്കാർകടവ് അപകടാവസ്ഥയിൽ. രണ്ടു പഞ്ചായത്തുകള്‍ തമ്മിലുളള തര്‍ക്കത്താല്‍ അറ്റകുറ്റപ്പണി നടത്തുന്നില്ല. കടവിലൂടെ ജങ്കാറില്‍ യാത്ര ചെയ്യുന്ന നിരവധിപേരാണ് ബുദ്ധിമുട്ടുന്നത്. പെരുമൺ പേഴുംതുരുത്തുപാലം പണിയുടെ ഭാഗമായി ഒരുവർഷം മുൻപാണ് ജങ്കർകടവ് പെരുമൺക്ഷേത്രത്തിനു സമീപത്തേക്ക് മാറ്റിസ്ഥാപിച്ചത്. പനയം, മൺറോതുരുത്ത് പഞ്ചായത്തുകള്‍ തമ്മിലുളള തര്‍ക്കത്താല്‍ പെരുമണ്‍ കടവിന്റെ അറ്റകുറ്റപ്പണി നടത്തുന്നില്ല.

മൺറോതുരുത്ത് പഞ്ചായത്തിനാണ് ജങ്കാർ കടവിന്റെ നടത്തിപ്പ് ചുമതല. എന്നാൽ പൊളിഞ്ഞു കിടക്കുന്ന പെരുമണ്‍കടവ് പനയം ഗ്രാമപഞ്ചായത്തിലും. കടവ് പൊളിഞ്ഞു കിടക്കുന്നത് കാരണം വാഹനങ്ങൾ ജങ്കാറിലേക്ക് കയറ്റി ഇറക്കുന്നതിന് ബുദ്ധിമുട്ടായി. യാത്രക്കാരുടെ കുറവുമൂലം ജങ്കർ സര്‍വീസ് മിക്കദിവസങ്ങളിലും നടത്തുന്നില്ല.

മൺറോതുരുത്ത്, കിഴക്കേകല്ലട, പടിഞ്ഞാറേകല്ലട എന്നീ ഗ്രാമപഞ്ചായത്തുകളിലുളളവരാണ് പെരുമണ്‍ പേഴുതുരുത്ത് ജങ്കാര്‍ സര്‍വീസിനെ ആശ്രയിക്കുന്നത്. കൊല്ലം നഗരത്തിലേക്ക് എത്താനായി യാത്രക്കാരുടെ എളുപ്പമാര്‍ഗമാണ്. അറ്റകുറ്റപ്പണി വേഗത്തിലാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

MORE IN SOUTH
SHOW MORE